ഡൽഹി: ബഹിരാകാശ യാത്രിക സുനിതാ വില്യംസിന്റെ മടങ്ങിവരവ് നീണ്ടുപോകാനാണ് സാധ്യതയെന്ന് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്. ബോയിംഗ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളിലെ തകരാറുകളാണ് സുനിതയുടെ മടങ്ങിവരവ് പ്രതിസന്ധിയിലാക്കിയത്. എങ്കിലും അവർ ബഹിരാകാശത്ത് സാധ്യമായ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണുള്ളതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സോമനാഥ് വ്യക്തമാക്കി.
ഒരാഴ്ചത്തെ ദൗത്യവുമായി പോയ ഇന്ത്യൻ വംശജയായ സുനിതാ വില്യംസ് രണ്ട് മാസമായി ബഹിരാകാശ നിയത്തിൽ തുടരുന്നുണ്ട്. അതിന് ഐ എസ് എസുമായി ഒരു ബന്ധവുമില്ല. സുനിതയെ കൂടാതെ എട്ട് പേർ കൂടി അവിടെയുണ്ട്. അവരിൽ പലരും വളരെക്കാലമായി അവിടെ തുടരുന്നവരാണ്. അവരുടെ മടങ്ങിവരവ് ഇനി പൂർത്തീകരിക്കാനുള്ള ദൗത്യങ്ങൾക്ക് ശേഷമാകും. അവരെ തിരികെ കൊണ്ടുവരാൻ തീർച്ചയായും ഒരു വഴിയുണ്ടാകുംമെന്നും സോമനാഥ് കൂട്ടിച്ചേർത്തു.
സ്റ്റാർലൈനറിലോ മറ്റേതെങ്കിലും ക്യാപ്‌സ്യൂളിലോ അത് സാധ്യമാകും. എന്നാൽ, ഒരു കാപ്സ്യൂളിൽ പരിശീലനം നേടിയ സംഘത്തെ മറ്റൊന്നിൽ തിരികെ കൊണ്ടുവരിക എന്നത് എളുപ്പമല്ല. മുമ്പൊരിക്കലും അത് ചെയ്തിട്ടില്ലെന്നും ഐ എസ് ആർ ഒ മേധാവി വിവരിച്ചു.