
ഡൽഹി: ശതകോടീശ്വരൻ എലോൺ മസ്കിനെയും അദ്ദേഹത്തിന്‍റെ ബഹിരാകാശ ദൗത്യങ്ങളെയും വാഴ്ത്തി ഐ എസ് ആർ ഒ ചെയർമാനും മലയാളിയുമായ എസ്. സോമനാഥ് രംഗത്ത്. ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ബഹിരാകാശത്തുനിന്ന് പറന്നിറങ്ങിയ റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ ഉപയോഗിച്ച് പിടിച്ചെടുത്ത് ചരിത്രം സൃഷ്ടിച്ച കാര്യമടക്കം ചൂണ്ടികാട്ടിയാണ് ഇസ്രോ ചെയർമാൻ സോമനാഥ്, ഇലോണ്‍ മസ്‌കിനെയും അദ്ദേഹത്തിന്റെ സ്‌പേസ് എക്‌സിനെയും വാഴ്ത്തിയത്. ബഹിരാകാശ ദൗത്യങ്ങളിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നേട്ടം മസ്കിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണെന്നാണ് സോമനാഥ് പറഞ്ഞത്.
ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്സ് ബഹിരാകാശത്തുനിന്ന് പറന്നിറങ്ങിയ റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ ഉപയോഗിച്ച് പിടിച്ചെടുത്തത് കണ്ട എല്ലാവരും ഇന്ത്യ എപ്പോഴാണ് ഇത് ചെയ്യാന്‍ പോകുന്നതെന്ന് ചോദിക്കുന്നുണ്ടെന്നും സോമനാഥ് വിവരിച്ചു. അയാളെ തോല്‍പ്പിക്കാനായി നമുക്ക് എന്ത് ചെയ്യാം എന്നാണ് എല്ലാവരും ചിന്തിക്കുന്നതെന്നും എന്നാല്‍ അയാള്‍ അതിനെല്ലാം എത്രയോ മുകളിലാണെന്നും ഇസ്രോ ചെയർമാൻ വിവരിച്ചു.ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്സ് ചെയ്യുന്ന കാര്യങ്ങളെല്ലാം ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്നും ഇസ്രോ മേധാവി വ്യക്തമാക്കി. ബഹിരാകാശരംഗത്തേക്ക് യുവാക്കള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടാന്‍ കാരണം ഇലോണ്‍ മസ്‌കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡല്‍ഹി ഐ ഐ ടിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് സോമനാഥ് മസ്കിനെ വാഴ്ത്തി പറഞ്ഞത്.
ഇക്കഴിഞ്ഞ ഒക്ടോബർ 13 നാണ് ബഹിരാകാശത്ത് നിന്നിറങ്ങിവന്ന റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ കൊണ്ട് പിടിച്ചുവെച്ച് മസ്കിന്‍റെ സ്പേസ് എക്‌സ് ചരിത്രം സൃഷ്ടിച്ചത്.