ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെ; സിബിഐ കുറ്റപത്രം

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ സിബി മാത്യൂസ് ചാരക്കേസിൽ പ്രതിയാക്കിയത് തെളിവില്ലാതെയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയത്. മുൻ എസ്പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, മുൻ സിഐ കെകെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ.

ആർ.ബി. ശ്രീകുമാർ നിർദേശിച്ചിട്ടാണ് നമ്പിനാരായണനെ പ്രതിയാക്കിയതെന്നും കുറ്റപത്രത്തിലുണ്ട്. മുൻ ഐ.ബി ഉദ്യോഗസ്ഥൻ ജയപ്രകാശ് കസ്റ്റഡിയിൽ വെച്ച് നമ്പി നാരായണനെ ക്രൂരമായി മർദിച്ചു. മർദനമേറ്റ് നമ്പി നാരായണൻ മൃതപ്രായനായിരുന്നുവെന്ന് ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്.

അന്ന് സി.ഐ ആയിരുന്ന എസ്. വിജയൻ ആണ് ചാരക്കേസ് കെട്ടിച്ചമച്ചത്. മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചു. മറിയം റഷീദയെ അന്യായ തടങ്കലിൽ വയ്ക്കുകയും ഐബിയെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു. കുറ്റസമ്മതം നടത്താനായി മറിയം റഷീദയെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചു. ചാരക്കേസ് വിവരങ്ങൾ ചോർത്തി നൽകിയത് വിജയനാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്. മറിയം റഷീദ ആദ്യം അറസ്റ്റിലായതിന്റെ പി​റ്റേന്നു മുതൽ വാർത്തകൾ വന്നു തുടങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്.

വ്യാജ രേഖകൾ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെ കെ ജോഷ്വയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ചാരവൃത്തി നടത്തിയെന്ന് എഴുതി ചേർത്ത കേസിൽ ഒരു തെളിവുമില്ല. പ്രതി ചേർത്തവരുടെ വീട്ടിൽ നിന്നും ഒന്നും കണ്ടെത്തിയതുമില്ല. ബോസായ സിബി മാത്യൂസിന് വേണ്ടി ജോഷ്വ കൃത്രിമരേഖ യുണ്ടാക്കിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

More Stories from this section

family-dental
witywide