സ്‌പേസ് എക്‌സുമായി കൈ കോര്‍ത്ത് ഐഎസ്ആര്‍ഒ, ജിസാറ്റ്-20 വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കാന്‍ കരാര്‍

ന്യൂഡല്‍ഹി: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ റോക്കറ്റ് നിര്‍മ്മാണ കമ്പനിയായ സ്‌പേസ് എക്‌സ് ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുമായി സഹകരിച്ച് പുതിയ കരാറില്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ട്.

ജിസാറ്റ്-20 വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള കരാറാണ് സ്പേസ് എക്സ് സ്വന്തമാക്കിയിരിക്കുന്നത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് അടുത്ത ആഴ്ച ആദ്യം വിക്ഷേപണം നടക്കുമെന്നാണ് വിവരം.

ഐഎസ്ആര്‍ഒയും സ്പേസ് എക്സും തമ്മിലുള്ള നിരവധി വാണിജ്യ സഹകരണങ്ങളില്‍ ആദ്യത്തേതും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണത്തിന്‍ കീഴിലുള്ള കന്നി ഇടപാടുമാണിത്.

4,700 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്-20 ഉപഗ്രഹം ഇന്ത്യയുടെ സ്വന്തം റോക്കറ്റുകള്‍ക്ക് വഹിക്കാന്‍ കഴിയാത്തത്ര ഭാരമുള്ളതാണ്, അതിനാല്‍ വിക്ഷേപണത്തിനായി സ്പേസ് എക്സിനെ തിരഞ്ഞെടുത്തുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നു.

യുഎസിലെ കേപ്പ് കാനവറലില്‍ നിന്നാവും ഉപഗ്രഹം വിക്ഷേപിക്കുക. 14 വര്‍ഷമായിരിക്കും സാറ്റ്ലൈറ്റിന്റെ കാലാവധി. ഐഎസ്ആര്‍ഒ റോക്കറ്റ് വിക്ഷേപണത്തിനായി ഫ്രഞ്ച് കൊമേഴ്സ്യല്‍ കമ്പനിയായ അരിന്‍സ്പേസിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, നിലവില്‍ ഉപഗ്രഹ വിക്ഷേപത്തിനായി കമ്പനിയുടെ കൈവശം റോക്കറ്റുകളൊന്നും ഇല്ല. യുക്രെയ്ന്‍ യുദ്ധം കാരണം റഷ്യയേയും ആശ്രയിക്കാന്‍ സാധിക്കാനാകാത്ത സാഹചര്യത്തിലാണ് സ്പേസ് എക്സിന് നറുക്കുവീണത്.

More Stories from this section

family-dental
witywide