ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ പുനരുപയോഗം സാദ്ധ്യമായ ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ മൂന്നാമത്തെ ലാന്‍ഡിംഗ് പരീക്ഷണവും വിജയം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബഹിരാകാശ വാഹനമാണ് പുഷ്പക്. ആര്‍എല്‍വിയുടെ (പുഷ്പക്) അവസാന ലാന്‍ഡിംഗ് പരീക്ഷണം ഇന്ന് രാവിലെ 7.10ന് കര്‍ണാടകയിലെ ചിത്രദുര്‍ഗ എയ്‌റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വച്ചായിരുന്നു നടന്നത്.
യുഎസിന്റെ സ്‌പേസ് ഷട്ടിലിന് സമാനമായ എന്നാൽ ഒരു എസ് യു വിയുടെ അത്രയും വലിപ്പമുള്ള റീ യൂസബിൾ ലോഞ്ച് വെഹിക്കിളാണ് ഐഎസ്ആർഓ വികസിപ്പിച്ച ‘പുഷ്പക്’. ഇതിന്റെ ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ വർഷവും രണ്ടാം ഘട്ട പരീക്ഷണം മാർച്ചിലും പൂർത്തികരിച്ചിരുന്നു.
വ്യോമസേനയുടെ ചിനുക് ഹെലികോപ്ടറിലാണ് ‘പുഷ്പക്’ എന്ന് പേരിട്ടിരിക്കുന്ന ആല്‍എല്‍വിയെ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തിയത്. തറനിരപ്പില്‍ നിന്ന് നാലരകിലോമീറ്റര്‍ ഉയരത്തിലും ഇറങ്ങേണ്ട റണ്‍വേയില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെവച്ചും ആല്‍എല്‍വിയെ സ്വതന്ത്രമാക്കി. തുടര്‍ന്ന് കൃത്യമായി ദിശ കണ്ടെത്തുകയും സുരക്ഷിതമായി റണ്‍വേയ്ക്ക് സമീപമെത്തി റണ്‍വേ സെന്‍ട്രല്‍ ലൈനില്‍ കൃത്യമായ തിരശ്ചീന ലാന്‍ഡിംഗ് നടത്തുകയുമായിരുന്നു. ലാന്‍ഡിംഗ് വേഗത 320 കിലോമീറ്റര്‍ ആയിരുന്നു. എന്നാല്‍, ബ്രേക്ക് പാരച്യൂട്ട് ഉപയോഗിച്ച് വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്ററായി കുറച്ചു. തുടര്‍ന്ന് ലാന്‍ഡിംഗ് ഗിയര്‍ ബ്രേക്കുകള്‍ ഉപയോഗിച്ച് വീണ്ടും വേഗത കുറയ്ക്കുകയായിരുന്നു. സ്വന്തമായി ദിശ കണ്ടെത്താനുള്ള സംവിധാന ഐഎസ്ആര്‍ഒ തന്നെ വികസിപ്പിച്ചെടുക്കുകയായിരുന്നു.
അടുത്ത ഘട്ടം ബഹിരാകാശത്തു പോയി മടങ്ങിയെത്തുന്ന വാഹനത്തെ (ഓര്‍ബിറ്റല്‍ റീ എന്‍ട്രി വെഹിക്കിള്‍ ഒആര്‍വി) ഭൂമിയിലിറക്കുന്ന പരീക്ഷണങ്ങളാണ്. വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാവുന്ന വാഹനം എന്ന പേര് നിലനിര്‍ത്തി, ആദ്യതവണ മുതല്‍ ഒരേ വാഹനം തന്നെയാണ് ലാന്‍ഡിംഗ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. ജെ. മുത്തു പാണ്ഡ്യനാണ് മിഷന്‍ ഡയറക്ടര്‍. വെഹിക്കിള്‍ ഡയറക്ടര്‍ ബി. കാര്‍ത്തിക്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്, വിഎസ്എസ്സി ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ ദൗത്യം നിറവേറ്റിയ ടീമിനെ അഭിനന്ദിച്ചു.