വിജയരാഘവൻ, ശൈലജ, ഐസക്ക്, കരിം, ജയരാജൻ, മുകേഷ്; സീറ്റ് ഉറപ്പാക്കാൻ പ്രമുഖരെ കളത്തിലിറക്കാൻ സിപിഎമ്മിൽ ധാരണ

തിരുവനന്തപുരം: 2019 ലെ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി മനസിൽ വച്ച് ഇക്കുറി പരമാവധി സീറ്റ് പിടിക്കാൻ സി പി എം തന്ത്രം മെനയുന്നു. മത്സരിക്കുന്ന 15 സീറ്റിലും വിജയം ഉറപ്പാക്കാൻ സാധിക്കുന്ന നിലയിലുള്ള സ്ഥാനാർത്ഥികളെ കളത്തിലിറക്കാനാണ് സി പി എം തീരുമാനം. ഇതിനായി പ്രമുഖരെ മത്സരിപ്പിക്കാനും സി പി എമ്മിൽ ധാരണയായിട്ടുണ്ട്. പി ബി അംഗം എ വിജയരാഖവൻ മുതൽ ശൈലജ, ഐസക്ക്, കരിം, ജയരാജൻ, മുകേഷ് വരെയുള്ളവരെ ഇക്കുറി മത്സരിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്.ർ

കഴിഞ്ഞ തവണ അപ്രതീക്ഷിതമായി പരാജയപ്പെട്ട പാലക്കാട്, പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെ ഇറക്കി തിരിച്ചുപിടിക്കാമെന്ന് സി പി എം പ്രതീക്ഷിക്കുന്നത്. കോഴിക്കോട്ട് മുതിർന്ന നേതാവ് എളമരം കരീം മത്സരിക്കുമെന്നാണ് സൂചന. ജില്ലാ കമ്മറ്റിയുടെ പട്ടികയിൽ എളമരം കരീമാണ് ഇടം പിടിച്ചത്. വടകരയിൽ മുൻ മന്ത്രി കെ കെ ശൈലജയെ മത്സരിപ്പിക്കാനാണ് ധാരണ. കണ്ണൂർ എം വി ജയരാജനും കാസർകോട് എൻ വി ബാലകൃഷ്ണനുമാണ് പട്ടികയിലിടം പിടിച്ചിരിക്കുന്നത്. ആലത്തൂരിൽ കെ രാധാകൃഷ്ണൻ മത്സരിക്കണമെന്ന ആലോചനകൾക്കാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്.

പത്തനംതിട്ടയിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസക്കിനെ രംഗത്തിറക്കാനും ധാരണയായിട്ടുണ്ട്. ആലപ്പുഴയിൽ സിറ്റിംഗ് സീറ്റായതിനാൽ തന്നെ എ എം ആരിഫിന് ഒരു തവണകൂടി പോരാട്ടത്തിനിറങ്ങാം. കൊല്ലത്ത് നടനും എം എൽ എയുമായ മുകേഷിനെ മത്സരിപ്പിക്കാനാണ് ധാരണ. എറണാകുളം, ചാലക്കുടി സീറ്റുകളിൽ മാത്രമാണ് ഇതുവരെ ധാരണയാകാത്തത്. ഇന്ന് രണ്ട് ജില്ലകളിലും ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്. ജില്ലാ സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷ.

CPM ready to release candidate list Lok Sabha polls 2024 latest news