
പനജി: ഗോവയിലെ ഹോട്ടല്‍മുറിയില്‍വെച്ച് നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ സുചന സേത്ത് ഇടത് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് കണ്ടെത്തല്‍. കൊലയ്ക്ക് ശേഷം ബെംഗളൂരു ആസ്ഥാനമായ മൈന്‍ഡ്ഫുള്‍ എഐ ലാബിന്റെ സിഇഒ ആയ ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലെ തൂവാലയില്‍ കണ്ടെത്തിയ രക്തക്കറ കൈത്തണ്ട മുറിച്ചപ്പോള്‍ സംഭവിച്ചതാണെന്നും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വെച്ചാണ് 39 കാരിയായ സംരംഭകയെ അറസ്റ്റ് ചെയ്തത്. ഇവരെ ഗോവയിലെ ഒരു പ്രാദേശിക കോടതി ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഗോവയിലെത്തിയ സുചന മകനെ കൊന്ന ശേഷം മൃതദേഹം ബാഗിലാക്കി ബെംഗളൂരുവിലേക്ക് പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി 30,000 രൂപ നല്‍കി ഒരു ടൂറിസ്റ്റ് ക്യാബ് വിളിച്ചിരുന്നു. മകനോടൊപ്പം ചെക്ക് ഇന്‍ ചെയ്ത യുവതി തിരികെ ഒറ്റയ്ക്ക് പോയതില്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ഇതിനിടെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാര്‍ രക്തക്കറ കണ്ടതോടെ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസെത്തി ക്യാബ് ഡ്രൈവറെ ബന്ധപ്പെടുകയും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കാര്‍ തിരിച്ചുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സുചന കുടുങ്ങി. ഇവരുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.