വെനസ്വേലയിലെ ഭീകര സംഘടന ‘ട്രെൻ ഡി അർഗ്യൂഅ’ അമേരിക്കയിൽ ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ട്

ന്യൂയോർക്ക്: അമേരക്കയിൽ ഭീകര സംഘടന ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ട്. വെനസ്വേലയിലെ ഏറ്റവും വലിയ ഭീകര സംഘടനയായ ‘ട്രെൻ ഡി അർഗ്യൂഅ’ ആണ് അമേരിക്കയിൽ ശക്തി പ്രാപിക്കുന്നതെന്ന് എഫ്ബിഐയുടെ പഠനത്തിൽ പറയുന്നതായാണ് റിപ്പോർട്ടുകൾ.

ന്യൂയോർക്കിലെ രണ്ട് പൊലീസുകാരെ വധിച്ച കേസിൽ ‘ട്രെൻ ഡി അർഗ്യൂഅ’ സംഘടനയുടെ അംഗങ്ങൾ പ്രതികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫ്ലോറിഡ, ടെക്സസ്, ഷിക്കാഗോ തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരം സംഘടനയുമായി ബന്ധപ്പെട്ട നിരവധി കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് വ്യാപാരം, പീഡനം, കൊള്ള എന്നിവയാണ് ഇവരുടെ പ്രധാന പ്രവർത്തനങ്ങൾ.

എഫ്ബിഐ ഈ സംഘടനയിലെ മൂന്ന് പ്രധാന നേതാക്കളെ പിടിക്കുന്നതിന് 12 ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയിലെ പല പട്ടണങ്ങളിലും വ്യാപകമായി നടക്കുന്ന കൊള്ളകളും മറ്റു കുറ്റകൃത്യങ്ങളും ഈ സംഘടനയുമായി ബന്ധപ്പെട്ടിരിക്കാം എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

തന്‍റെ 20 വർഷത്തെ സേവനത്തിൽ കുറ്റകൃത്യങ്ങളുടെ ഇത്തരമൊരു തരംഗം താൻ കണ്ടിട്ടില്ല എന്നാണ് ന്യൂയോർക്ക് പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം തലവൻ പറയുന്നത്. വെനസ്വേലയിൽ നിന്ന് വരുന്ന കുടിയേറ്റക്കാർക്ക് അമേരിക്കയിൽ വേഗത്തിൽ സമ്പാദിക്കാനുള്ള അവസരം ലഭിക്കുമെന്ന തെറ്റായ ധാരണയാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്നത്.

അമേരിക്കയ്ക്കും വെനസ്വേലയ്ക്കും ഇടയിൽ നയതന്ത്ര ബന്ധം ഇല്ലാത്തതിനാൽ, വെനസ്വേലൻ പൊലീസിനോട് സഹകരിച്ച് ഈ സംഘടനയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുന്നില്ല. ലാറ്റിൻ അമേരിക്കൻ പൊലീസ് മേധാവികളുടെ അടുത്തകാലത്തെ സമ്മേളനത്തിൽ ‘ട്രെൻ ഡി അർഗ്യൂഅ’യുടെ വളർച്ച ഒരു പ്രധാന ചർച്ചാ വിഷയമായിരുന്നു. കൊളംബിയയും ചിലെയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ സംഘടനയെ നിരീക്ഷിക്കുന്നുണ്ട്.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ കണക്കുകൾ പ്രകാരം, വെനസ്വേലയിലെ അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ഏകദേശം 9 ദശലക്ഷം പേർ രാജ്യം വിട്ടിരിക്കുന്നു. ഇവരിൽ ഒരു വലിയ വിഭാഗം അമേരിക്കയിലേക്ക് കുടിയേറിയിട്ടുണ്ട്. വെനസ്വേലൻ ഭരണകൂടം തങ്ങളുടെ ജയിലുകൾ കാലിയാക്കി കുറ്റവാളികളെ അതിർത്തി കടത്തി വിട്ടിട്ടുണ്ട് എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

More Stories from this section

family-dental
witywide