
ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിനെതിരെ നടപടിയുമായി ഐടി മന്ത്രാലയം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗത്തിന്റെ വൈറല്‍ എഡിറ്റഡ് വീഡിയോ ക്ലിപ്പ് ട്വീറ്റ് ചെയ്തതിനാലാണ് അക്കൗണ്ട് ബ്ലോക് ചെയ്ത നടപടിയിലേക്ക് ഐടി മന്ത്രാലയം കടന്നതെന്നാണ് വിവരം. മറ്റേതെങ്കിലും അക്കൗണ്ടുകള്‍ക്കോ ട്വീറ്റുകള്‍ക്കോ എതിരെ നടപടി എടുത്തതായി വിവരമില്ല.
ജാര്‍ഖണ്ഡ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ (@incjharkhand) ഏപ്രില്‍ 28 നാണ് അമിത് ഷായുടെ പ്രചാരണ പ്രസംഗത്തിന്റെ എഡിറ്റ്ചെയ്ത ക്ലിപ്പ് ട്വീറ്റ് ചെയ്തിരുന്നത്. ”ബ്രേക്കിംഗ്. ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഒബിസി, എസ്സി/എസ്ടി സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷായുടെ പ്രചാരണ പ്രസംഗം” എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോ അതിവേഗം വൈറലായി. ബുധനാഴ്ച രാത്രി വരെ, പോസ്റ്റിന് 81,900 വ്യുവേഴ്സും, 483 റീപോസ്റ്റ്/റീട്വീറ്റുകളും, 885 ലൈക്കുകളും, 18 ബുക്ക്മാര്‍ക്കുകള്‍ എന്നിവയുമുണ്ടായിരുന്നു.