ജിമെയിലിന് ചെക്ക് വയ്ക്കാൻ ഇലോൺ മസ്ക്; വരുന്നു എക്സ്മെയിൽ

ഗൂഗിളിന്റെ ഇ-മെയിൽ സേവനമായ ജിമെയിലിന് പകരക്കാരനെ ഇറക്കാൻ സ്പേസ് എക്സ് സ്ഥാപകനായ ഇലോൺ മസ്ക്. ഇ-മെയിൽ സേവന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് അടിത്തറയിട്ടുകൊണ്ടുള്ള മറ്റൊരു സേവനം ഒരുങ്ങുന്നുണ്ടെന്ന് മസ്ക് പറഞ്ഞു.

എക്‌സിൻ്റെ സെക്യൂരിറ്റി എഞ്ചിനീയറിംഗ് ടീമിലെ മുതിർന്ന അംഗമായ നേറ്റ് മക്‌ഗ്രാഡി, എക്‌സ്‌മെയിലിൻ്റെ ലോഞ്ച് തീയതിയെക്കുറിച്ച് ചോദിച്ച ചോദ്യത്തിനായിരുന്നു മസ്കിന്റെ മറുപടി.

“നമ്മൾ എപ്പോഴാണ് XMail നിർമ്മിക്കുന്നത്?” നേറ്റ് ആരാഞ്ഞു. “അത് വരുന്നുണ്ട്” എന്ന് മസ്ക് മറുപടി നൽകി. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ച് ഗ്രോക്ക് എന്ന സ്വന്തം ചാറ്റ് ബോട്ട് അവതരിപ്പിച്ച ആളാണ് ഇലോൺ മസ്ക്. എക്‌സിനെ ഒരു എവരിതിങ് ആപ്പ് ആക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത് എന്ന് നേരത്തെ തന്നെ മസ്‌ക് വ്യക്തമാക്കിയിട്ടുമുണ്ട്.