ന്യൂഡൽഹി: 2022 നവംബർ-ഡിസംബർ മാസങ്ങളിൽ രണ്ട് എയർഇന്ത്യ വിമാനങ്ങളിൽ മദ്യപിച്ചവർ മറ്റ് യാത്രക്കാരുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചത് പോലെയുള്ള സംഭവങ്ങൾ തടയാനും യാത്രക്കാർക്ക് ശാന്തമായിരിക്കാനും വിമാനത്തിനുള്ളിൽ പരമാവധി എത്രയളവിൽ മദ്യം വിളമ്പാം എന്ന തീരുമാനം എയലൈനുകളുടേതാണെന്ന് ഡിജിസിഎ.
ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ സഹയാത്രികൻ ദേഹത്തേക്ക് മൂത്രമൊഴിച്ചെന്ന 72 കാരിയായ സ്ത്രീയുടെ പരാതിയിൽ, മദ്യപിച്ച യാത്രക്കാരെ നേരിടാൻ അടിയന്തരമായി മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ‘അനിയന്ത്രിതരായ യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്’ സംബന്ധിച്ച് സിവിൽ ഏവിയേഷൻ റിക്വയർമെന്റുകൾ നിലവിലുണ്ടെന്ന് സത്യവാങ്മൂലത്തിൽ ഡിജിസിഎ പറഞ്ഞു.
ഓൺബോർഡിൽ നൽകേണ്ട ലഹരിപാനീയങ്ങളുടെ പരിധിയെക്കുറിച്ച്, CAR ൻ്റെ ക്ലോസ് 4.3 അനുസരിച്ച്, യാത്രക്കാർ കുടിച്ചു ലക്കുകെടാതിരിക്കാൻ നയം രൂപീകരിക്കുന്നത് ഓരോ എയർലൈനുകളുടെയും വിവേചനാധികാരമാണെന്ന് ഡിജിസിഎ വ്യക്തമാക്കി.
എല്ലാ വിമാനക്കമ്പനികളും മറ്റു യാത്രക്കാരുടെ അനിയന്ത്രിത/ശല്യപ്പെടുത്തുന്ന സ്വഭാവത്തെ കർശനമായി നേരിടാൻ ‘സീറോ ടോളറൻസ്’ എസ്ഒപിയും നിയമങ്ങളും രൂപപ്പെടുത്താൻ ഡിജിസിഎയോട് നിർദേശിക്കണമെന്ന് സ്ത്രീ തൻ്റെ ഹർജിയിൽ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.
സെൻസിറ്റീവ് ആയ പ്രശ്‌നം കാഷ്വൽ രീതിയിൽ കൈകാര്യം ചെയ്ത് എയർ ഇന്ത്യ ജീവനക്കാർ വീഴ്ച വരുത്തി. തൻ്റെ ആത്മാഭിമാനത്തിന് വലിയ കോട്ടം വരുത്തിയെന്ന് ആരോപിച്ച ആരോപിച്ച സ്ത്രീ, കുറ്റാരോപിതനായ സഹയാത്രികന് വിമാനത്തിനുള്ളിൽ അമിതമായി മദ്യം നൽകുകയും പിന്നീട് അയാളുമായി ഒത്തുതീർപ്പിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തതായി പറയുന്നു. സംഭവം പോലീസിൽ അറിയിക്കാനുള്ള അവരുടെ കർത്തവ്യത്തിൽ ജീവനക്കാർ വീഴ്ച വരുത്തി. മദ്യപാനത്തെ വിമാനത്തിനുള്ളിലെ അനിയന്ത്രിതമായ അല്ലെങ്കിൽ വിനാശകരമായ പെരുമാറ്റമായി ഡിജിസിഎ കണക്കാക്കണമെന്ന് അവർ പറഞ്ഞു.