തീപ്പൊരിയല്ല, തീ തന്നെ ഒബാമയുടെ വാക്കുകള്‍ ! കാതോര്‍ത്ത് അമേരിക്ക : ‘കമലാ ഹാരിസിനൊപ്പം പുതിയ അധ്യായത്തിനുള്ള സമയമാണിത്’

ചിക്കാഗോ: നിറഞ്ഞ കയ്യടിയാല്‍ മുഖരിതമായ ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷന്‍ വേദിയിലേക്ക് മിഷേലാണ് ഒബാമയെ സ്വാഗതം ചെയ്തത്. ‘അദ്ദേഹം ഉണര്‍ന്ന് എല്ലാ ദിവസവും ചിന്തിക്കുന്നു, ഈ രാജ്യത്തിന് എന്താണ് നല്ലതെന്ന്’ എന്ന് പറഞ്ഞുകൊണ്ടാണ് മുന്‍ പ്രഥമ വനിത ഒബാമയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. കയ്യടികളാല്‍ ഒബാമയെ വരവേറ്റ ജനക്കൂട്ടത്തിന്റെ ആവേശം അടങ്ങാനും പ്രസംഗം തുടങ്ങാനും ഒബാമയ്ക്ക ഒരല്‍പം കാത്തുനില്‍ക്കേണ്ടി പോലും വന്നു.

മിഷേലിന്റെ കൈകള്‍ ചേര്‍ത്തു പിടിച്ച് ജനക്കൂട്ടത്തിനു നേരെ കൈ വീശി അവരെ സ്‌നേഹപൂര്‍വ്വം വീക്ഷിച്ച ഒബാമ മെല്ലെ പ്രസംഗത്തിലേക്ക് കടന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ ഊര്‍ജ്ജത്തിലായിരുന്നു അദ്ദേഹം. ‘എനിക്ക് നിങ്ങളെക്കുറിച്ച് അറിയില്ല, പക്ഷേ എനിക്ക് തീപിടിച്ചതായി തോന്നുന്നു’ ഒബാമ പറഞ്ഞു. ‘അതെ!’ എന്ന് ജനക്കൂട്ടത്തിന്റെ മറുപടിയും കണ്‍വെന്‍ഷന്‍ വേദിയെ ഇളക്കി മറിച്ചു.

കമലാ ഹാരിസിനെ ശക്തമായി അംഗീകരിച്ചും പ്രശംസിച്ചും, മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നിശിത വിമര്‍ശനം അഴിച്ചുവിട്ടുമാണ് ഒബാമ ചൊവ്വാഴ്ച ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനെ ഊര്‍ജ്ജസ്വലമാക്കിയത്.

ട്രംപിന്റെ സമീപനം പഴകിയതാണെന്നും ഫലപ്രദമല്ലാത്തതാണെന്നും കുറ്റപ്പെടുത്തിയ ഒബാമ കമലാ ഹാരിസിന്റെ കീഴില്‍ പുതിയ അധ്യായത്തിന് അമേരിക്ക തയ്യാറാണെന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ‘അമേരിക്ക ഒരു പുതിയ അധ്യായത്തിന് തയ്യാറാണ്. ഒരു മികച്ച കഥയ്ക്ക് അമേരിക്ക തയ്യാറാണ്. കമലാ ഹാരിസിന്റെ പ്രസിഡന്‍സിക്ക് ഞങ്ങള്‍ തയ്യാറാണ്” – ഒബാമ പറഞ്ഞു. ഹാരിസിന്റെ അര്‍പ്പണബോധവും വിജയത്തിലേക്കുള്ള കഠിനമായ പ്രയാണവും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു അദ്ദേഹം.

ഇന്നലെ മുഖ്യപ്രഭാഷണം നടത്തിയ ജോ ബൈഡനെക്കുറിച്ച് സംസാരിച്ച ഒബാമ, ജോ ബൈഡനോട് എന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടത് എന്റെ ആദ്യത്തെ വലിയ തീരുമാനവും എന്റെ ഏറ്റവും മികച്ച തീരുമാനവുമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വലിയ അപകട ഘട്ടത്തില്‍ ജനാധിപത്യത്തെ സംരക്ഷിച്ച ഒരു മികച്ച പ്രസിഡന്റായി ഈ രാജ്യം അദ്ദേഹത്തെ ഓര്‍ക്കും,” ബൈഡനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ പ്രസിഡന്റ് എന്ന് വിളിക്കുന്നതിനുപുറമെ, ” എന്റെ സുഹൃത്ത് എന്ന് വിളിക്കുന്നതില്‍ പോലും അഭിമാനമുണ്ട്’- ഒബാമ ആവേശത്തോടെ പറഞ്ഞു.

തന്റെ പ്രശ്നങ്ങളെക്കുറിച്ച് അലറുന്നത് നിര്‍ത്തിയിട്ടില്ലാത്ത 78 വയസ്സുള്ള ഒരു കോടീശ്വരന്‍ ഇതാ എന്നു പറഞ്ഞുകൊണ്ട് ട്രംപിനെതിരെ അദ്ദേഹം വിമര്‍ശന ശരം തൊടുത്തു. കമലയോട് തോല്‍ക്കുമെന്ന് ഭയത്തിലാണ് ട്രംപെന്നും ഒബാമ പറഞ്ഞു. ട്രംപിന്റെ അഭിനയം കണ്ടു മടുത്തെന്നും ഇത് രാഷ്ട്രീയത്തിലെ ഏറ്റവും പഴക്കമുള്ള തന്ത്രങ്ങളിലൊന്നാണെന്നും ഇനിയും നാല് വര്‍ഷത്തെ പൊള്ളത്തരവും അരാജകത്വവും നമുക്ക് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ശബ്ദവും ചാമ്പ്യനെയും ആവശ്യമുള്ള ആളുകള്‍ക്ക് വേണ്ടി പോരാടി ജീവിതം ചെലവഴിച്ച വ്യക്തിയാണ് കമലയെന്നും മിഷേലില്‍ നിന്ന് കേട്ടതുപോലെ, കമല പ്രത്യേകാവകാശത്തില്‍ ജനിച്ചവളല്ല. അവള്‍ക്ക് ലഭിച്ച കാര്യങ്ങള്‍ക്കായി അവള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്, മറ്റുള്ളവര്‍ എന്താണ് അനുഭവിക്കുന്നതെന്ന് അവള്‍ ശരിക്കും ശ്രദ്ധിക്കുന്നുവെന്നും അദ്ദേഹം കമലയെ പുകഴ്ത്തി. നിങ്ങള്‍ക്ക് ഒരു കൈ ആവശ്യമുള്ളപ്പോള്‍ സഹായിക്കാന്‍ ഓടുന്ന അയല്‍ക്കാരിയാണ് അവളെന്നും ഒബാമ പറഞ്ഞു.

കമലയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ടിം വാള്‍സിനെ പ്രശംസിച്ച ഒബാമ, വൈറ്റ് ഹൗസില്‍ വാള്‍സ് കമല ഹാരിസിന്റെ മികച്ച പങ്കാളിയാകുമെന്നും ചൂണ്ടിക്കാട്ടിു. ”ഞാന്‍ ഈ ആളെ സ്‌നേഹിക്കുന്നു. രാഷ്ട്രീയത്തില്‍ ഉണ്ടാകേണ്ട ആളാണ് ടിം. അവന്‍ ആരാണെന്ന് അവനറിയാം, എന്താണ് പ്രധാനമെന്ന് അവനറിയാം,’ഒബാമ പറഞ്ഞു.

ദീപ ശിഖ കൈമാറിയിരിക്കുന്നു, ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഇപ്പോള്‍ കമലാ ഹാരിസ് നയിക്കുന്നു. ഇപ്പോള്‍ നമ്മള്‍ വിശ്വസിക്കുന്ന അമേരിക്കയ്ക്ക് വേണ്ടി പോരാടേണ്ടത് നാമെല്ലാവരും ആണ് – ഒരു തെറ്റും ചെയ്യരുത് – ഇത് ഒരു പോരാട്ടമായിരിക്കും’ – അദ്ദേഹം തന്റെ പ്രസംഗത്തിന്റെ അവസാന ഭാഗത്തേക്ക് കടന്നുകൊണ്ട് പറഞ്ഞു. അടുത്ത 77 ദിവസത്തിനുള്ളില്‍ നമ്മള്‍ ഓരോരുത്തരും നമ്മുടെ പങ്ക് കൃത്യമായി ചെയ്താല്‍ വിജയം ഉറപ്പെന്നും അതിനായി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തുമാണ് ഒബാമ വാക്കുകള്‍ അവസാനിപ്പിച്ചത്.

More Stories from this section

family-dental
witywide