ന്യൂഡല്‍ഹി: ഇപ്പോള്‍ യുദ്ധത്തിന് തയ്യാറെടുക്കേണ്ട സമയമാണെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. തന്റെ രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള അസ്ഥിരമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുദ്ധമുന്നറിയിപ്പുമായി കിം എത്തിയത്. രാജ്യത്തെ പ്രധാന സൈനിക സര്‍വകലാശാലയില്‍ അദ്ദേഹം പരിശോധന നടത്തിയതായി കെസിഎന്‍എ വാര്‍ത്താ ഏജന്‍സി വ്യാഴാഴ്ച പറഞ്ഞു.
2011-ല്‍ മരിച്ച തന്റെ പിതാവിന്റെ പേരിലുള്ള കിം ജോങ് ഇല്‍ യൂണിവേഴ്സിറ്റി ഓഫ് മിലിട്ടറി ആന്‍ഡ് പൊളിറ്റിക്സില്‍ ബുധനാഴ്ച കിം ഫീല്‍ഡ് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി.
കിമ്മിന്റെ കീഴില്‍ സമീപ വര്‍ഷങ്ങളില്‍ ഉത്തരകൊറിയ ആയുധ വികസനം ത്വരിതപ്പെടുത്തുകയും റഷ്യയുമായി കൂടുതല്‍ സൈനികവും രാഷ്ട്രീയവുമായ ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ശത്രുക്കള്‍ ഉത്തര കൊറിയയുമായി സൈനിക ഏറ്റുമുട്ടലിന് തീരുമാനിച്ചാല്‍, തങ്ങളുടെ കൈവശമുള്ള എല്ലാ മാര്‍ഗങ്ങളും അണിനിരത്തി ഒരു മടിയും കൂടാതെ ശത്രുവിന് മരണ പ്രഹരം നല്‍കുമെന്ന് കിം സര്‍വകലാശാല ജീവനക്കാരോടും വിദ്യാര്‍ത്ഥികളോടും പറഞ്ഞു.