കൊച്ചി: ചൊവ്വാഴ്ച നടത്താനിരുന്ന താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിൽ ആയതിനാൽ എക്സിക്യൂട്ടീവ് യോഗം വൈകാനാണ് സാധ്യതയെന്നാണ് വിവരം. അതേസമയം പുതിയ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്.
വിമെൻ ഇൻ സിനിമ കളക്ടീവ് അംഗങ്ങളുമായി ചർച്ചനടത്താനും നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ ജനറൽ ബോഡി യോഗം ഉടൻ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
താരസംഘടനയുടെ ഭാഗത്തു നിന്ന് ശക്തമായ നിലപാട് രേഖപ്പെടുത്തി ആദ്യം രംഗത്തെത്തിയത് ജഗദീഷാണ്. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിർത്തുന്നത് ശരിയല്ലെന്നും ഏത് മേഖലയിലാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണം. വേട്ടക്കാരുടെ പേരുകൾ പുറത്തുവരികയും അവർക്ക് തക്കതായ ശിക്ഷ നൽകുകയും വേണമെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ പുതിയ സംഘടനയുടെ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്.