
ന്യൂഡല്‍ഹി: ഐ.സി.സി ചെയര്‍മാനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷാ. 2019 ഒക്ടോബര്‍ മുതല്‍ അദ്ദേഹം ബിസിസിഐ സെക്രട്ടറിയായിരുന്നു. തുടര്‍ച്ചയായി രണ്ടുപ്രാവശ്യം ഐസിസി ചെയര്‍മാനായിരുന്ന ഗ്രെഗ് ബാര്‍ക്ലേ സ്ഥാനത്ത് തുടരാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് എതിരാളികളില്ലാതെ ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. മാത്രമല്ല, ഐസിസി ചെയര്‍മാന്‍മാരുടെ ചരിത്രത്തില്‍, ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാന്‍ ആണ് 35 കാരനായ ജയ് ഷാ.
ക്രിക്കറ്റിന് ആഗോളാടിസ്ഥാനത്തിലുള്ള വളര്‍ച്ചയുണ്ടാക്കാനാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ഷാ സ്ഥാനമേറ്റതിനു ശേഷമുള്ള പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ‘2028 ഒളിംപ്ക്‌സിലടക്കം ക്രിക്കറ്റിന് ഇടം തേടുകയാണ് ലക്ഷ്യം. ഐസിസി ചെയര്‍മാനാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ക്രിക്കറ്റ് മുമ്പുണ്ടായിരുന്നതിനേക്കാളും മികച്ച രീതിയില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ എല്ലായിടത്തും എത്തിക്കുന്നതാണ് അടുത്ത ലക്ഷ്യം’- അദ്ദേഹം പറഞ്ഞു.
എന്‍ ശ്രീനിവാസന്‍ (2014 മുതല്‍ 2015 വരെ), ശശാങ്ക് മനോഹര്‍ (2015 മുതല്‍ 2020 വരെ) എന്നിവരാണ് മുമ്പ് ഇന്ത്യയില്‍ നിന്ന് ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നവര്‍. ഐ സി സി പ്രസിഡന്റ് സ്ഥാനത്തും രണ്ട് ഇന്ത്യക്കാരുണ്ടായിരുന്നു. ജഗ്മോഹന്‍ ഡാല്‍മിയ (1997 മുതല്‍ 2000 വരെ), ശരദ് പവാര്‍ (2010 2012) എന്നിവരാണത്.