കോട്ടയം: ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചത് ആര്‍എസ്എസ് തടഞ്ഞതിനു പിന്നാലെ ഡോക്യുമെന്ററി കേരളമൊട്ടാകെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുങ്ങി ഡിവൈഎഫ്ഐ. പ്രദര്‍ശന സ്ഥലവും സമയവും അറിയിച്ച സ്ഥിതിക്ക്, ചുണയുള്ള സംഘ പ്രചാരകര്‍ക്ക് സ്വാഗതമെന്ന് ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായ ജെയ്ക്. സി. തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
”രാം കെ നാം എവിടെയും പ്രദര്‍ശിപ്പിക്കും..! കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നിലും അത് പ്രദര്‍ശിപ്പിക്കും. ഡി.വൈ.എഫ്.ഐയുടെ പതാകകള്‍ അതിന് കാവല്‍ നില്ക്കും. സ്ഥലവും അറിയിപ്പും പറഞ്ഞ സ്ഥിതിക്ക്, തടയാന്‍ ചുണയുള്ള സംഘ് പ്രചാരകര്‍ക്ക് സ്വാഗതം,” എന്നാണ് ജെയ്ക്ക് ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്നലെ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് തർക്കവും സംഘർഷവുമുണ്ടായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും ബിജെപി പ്രവർത്തകരും തമ്മിലായിരുന്നു സംഘർഷം.
വിഖ്യാത ചലച്ചിത്രകാരന്‍ ആനന്ദ് പട്‌വർദ്ധൻ 1992ൽ നിർമ്മിച്ച ഡോക്യുമെന്ററിയാണ് രാം കെ നാം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുകയെന്ന ഉദ്ദേശത്തോടെ വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ പ്രചാരണവും അതിന്‍റെ പരിണിത ഫലങ്ങളും അതുമൂലമുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളുമാണ് പ്രമേയം.