ജയ്പൂർ: നന്ദപുരി കോളനിയിലെ അര ഡസൻ വീടുകളിൽ നിന്ന് മുസ്ലീങ്ങൾക്ക് വീട് വാടകയ്‌ക്കെടുക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് നിർദേശിക്കുന്ന പോസ്റ്ററുകൾ നീക്കം ചെയ്തതായി ജയ്‌പൂർ പോലീസ്. മുസ്ലീം ജനസംഖ്യ നിയന്ത്രിക്കണം എന്ന് പ്രഖ്യാപിച്ച് ബിജെപിയുടെ കൗൺസിലർ പ്രദേശത്ത് മതിൽകെട്ടിയിട്ടുണ്ട്.
“ഹിന്ദുക്കളോടുള്ള ഒരു അഭ്യർത്ഥന: മുസ്ലീം ജിഹാദിനെതിരെ ഐക്യത്തോടെ നിലകൊള്ളുക,” എന്നാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. ഹിന്ദുക്കൾ മുസ്‌ലിങ്ങൾക്ക് ഈ പ്രദേശത്തെ കെട്ടിടങ്ങൾ വാടകയ്‌ക്ക് കൊടുക്കുകയും വിൽക്കുകയും ചെയ്യുന്നതിനെച്ചൊല്ലി ചില പ്രദേശവാസികൾക്കിടയിൽ അതൃപ്തി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവം.
ഫെബ്രുവരി 19 നാണ് തങ്ങൾക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചതെന്ന് ബ്രഹ്മപുരി പോലീസ് സ്റ്റേഷനിലെ സെക്കൻഡ് ഓഫീസർ ഹരി ഓം പറഞ്ഞതായി ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
“ഞങ്ങൾ ഉടൻ തന്നെ പോസ്റ്ററുകൾ നീക്കം ചെയ്തു. അതൊരു വലിയ പ്രശ്നമല്ല; കോളനിയിലെ ആറോ ഏഴോ വീടുകളിൽ മാത്രമേ ഇവ സ്ഥാപിച്ചിട്ടുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ല.”
നന്ദപുരി കോളനി സ്ഥിതി ചെയ്യുന്ന വാർഡ് 22 ലെ കൗൺസിലർ അനിത ജെയിൻ, പോസ്റ്ററുകളെ കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും അതിലെ സന്ദേശത്തെ പിന്തുണയ്ക്കുന്നതായും പറഞ്ഞു. “മതിൽ കെട്ടിയ നഗരത്തിലെ ന്യൂനപക്ഷ ജനസംഖ്യയുടെ വർദ്ധനവ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. അവർ ഹിന്ദു ആധിപത്യമുള്ള പ്രദേശങ്ങളിലേക്ക് മനഃപൂർവം പ്രവേശിക്കുകയാണ്, ഇത് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്, ” അനിത ജെയിൻ പറഞ്ഞു.