ഇടുക്കി: വീട്ടിലെ 13 പശുക്കള്‍ ഒന്നിനുപുറകെ ഒന്നായി ചത്തുവീണപ്പോള്‍ ആകെ തകര്‍ന്നുപോയി ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നി എന്ന കുട്ടിക്കര്‍ഷകന്‍. പശുവും കിടാവും മൂരിയും ഉള്‍പ്പെടെ 13 കന്നുകാലികളും ചത്തത് ഭക്ഷ്യവിഷബാധ മൂലമാണെന്നാണ് അധികൃതരുടെ വിശദീകരണം. ഭക്ഷ്യവസ്തുവായി കൊടുത്ത കപ്പത്തൊലിയില്‍ നിന്നാണ് കാലികള്‍ക്ക് വിഷബാധ ഏറ്റതെന്നാണ് വിലയിരുത്തല്‍.
അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്‌മേരിയും ഉള്‍പ്പെട്ട മാത്യുവിന്റെ കുടുംബത്തിന്റെ ഏക ഉപജീവന മാര്‍ഗമായിരുന്നു ഈ കന്നുകാലികള്‍. ഇവ പോയതോടെ ജീവിതം തന്നെ പ്രതിസന്ധിയിലായ അവസ്ഥയിലാണ് മാത്യു. മാത്യുവിന്റെ അവസ്ഥ കേട്ടറഞ്ഞ ഈ കുട്ടിക്കര്‍ഷകന് ആശ്വസമായി എത്തിയിരിക്കുകയാണ് നടന്‍ ജയറാമും ഓസ്‌ലര്‍ എന്ന ജയറാമിന്റെ പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും.
‘കാലിത്തൊഴുത്ത് കൊണ്ടു നടക്കുന്ന ആളാണ് ഞാനും. 2005 ലും 2012 ലും കേരള സര്‍ക്കാറിന്റെ ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ഫാമിലാണ് ഞാന്‍ ഭൂരിഭാഗ സമയവും ചെലവഴിക്കാറുള്ളത്. ആറേഴ് വര്‍ഷം മുന്‍പ് ഈ കുഞ്ഞുങ്ങള്‍ക്കുണ്ടായ സമാന അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. എന്റെ 24 പശുക്കളാണ് ഒരു ദിവസം ഏതാനും സമയത്തിനുള്ളില്‍ ചത്തു പോയത്. നിലത്തിരുന്ന് കരയാനേ സാധിച്ചുള്ളൂ. വിഷബാധയാണ് മരണ കാരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ എങ്ങനെയാണെന്നറിയില്ലെന്നും നടന്‍ പറഞ്ഞു.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഓസ്‌ലറിന്റെ ട്രെയ്‌ലര്‍ ലോഞ്ചിങ് പരിപാടി നാലിന് നടത്താനിരിക്കവെയാണ് പരിപാടി ഉപേക്ഷിച്ച് പണം മാത്യുവിന്റെ കുടുംബത്തിന് നല്‍കുന്നത്. അഞ്ച് ലക്ഷം രൂപ മാത്യൂവിന്റെ കുടുംബത്തിന് കൈമാറാനാണ് തീരുമാനം. ജയറാം ഇന്ന് നേരിട്ട് തൊടുപുഴയില്‍ എത്തി തുക കൈമാറും.