ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപൂരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. ഉധംപൂരിലെ ബസന്ത്ഗഡ് മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഉധംപൂരിലെ വനപ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെടിവയ്പ്പുണ്ടായത്.
ജമ്മുവിലെ മലയോര ജില്ലകളിലൊന്നാണ് ഉധംപൂര്‍. ജമ്മു ഡിവിഷനിലെ പൂഞ്ച്, രജൗരി, ദോഡ, കത്വ, റിയാസി, ഉധംപൂര്‍ ജില്ലകളിലെ മലയോര ജില്ലകളില്‍ നിന്ന് തീവ്രവാദം തുടച്ചുനീക്കുന്നതിനായി, എലൈറ്റ് പാരാ കമാന്‍ഡോകളും പര്‍വത യുദ്ധത്തില്‍ പരിശീലനം നേടിയവരുമടക്കം 4,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്.
ഭീകരര്‍ക്ക് താവളമൊരുക്കുകയോ സഹായിക്കുകയോ വഴികാട്ടികളായി പ്രവര്‍ത്തിക്കുകയോ ചെയ്തതായി സംശയിക്കുന്ന 40 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദോഡ മേഖലയില്‍ പതിയിരുന്ന് ആക്രമണം നടത്തുമ്പോള്‍ ഭീകരര്‍ക്കൊപ്പമുണ്ടായിരുന്നതായി കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.