ടോക്കിയോ: സൈബര്‍ ആക്രമണത്തിനിരയായ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താളംതെറ്റി. ജപ്പാനിലെ പൊതുമേഖലാ മാധ്യമമായ എന്‍എച്ച്‌കെയാണ് വിമാന സര്‍വീസുകളിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലഗേജ് ചെക്ക് ഇന്‍ സംവിധാനത്തിലും പ്രശ്‌നങ്ങള്‍ നേരിട്ടു. എന്നാല്‍ പ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹരിച്ചതായി വിമാനക്കമ്പനി പിന്നീട് അറിയിച്ചു.
രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയാണ് ജപ്പാന്‍ എയര്‍ലൈന്‍സ്. രാജ്യത്തെ വിവിധ എയര്‍ പോര്‍ട്ടുകളിലെ ഒരു ഡസനിലധികം സര്‍വീസുകളെ ബാധിച്ചു. ലഗേജ് ചെക്ക് ഇന്‍ സര്‍വീസുകളിലും പ്രശ്‌ന്ങ്ങളുണ്ടായി. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞതായും അത് പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുന്നതായും കമ്പനി സോഷ്യല്‍ മീഡിയയിലൂടെ പിന്നീട് അറിയിച്ചു.
കമ്പനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കമ്പനി വക്താവ് വ്യാഴാഴ്ച രാവിലെ വ്യക്തമാക്കി. ഇന്ന് പുറപ്പെടുന്ന ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് താത്കാലികമായി നിര്‍ത്തിവെച്ചതായി കമ്പനി അറിയിച്ചു.
സാങ്കേതിക തകരാര്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ ജപ്പാന്‍ എയര്‍ലൈന്‍സിന് രണ്ടര ശതമാനത്തിന്റെ ഇടിവുണ്ടായി.