ജപ്പാനില്‍ റണ്‍വേയിൽ പറന്നിറങ്ങിയ വിമാനം കത്തിയമര്‍ന്നു, 5 മരണം

ടോക്യോ: ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ച് അഞ്ച് മരണം. ഹനേദ വിമാനത്താവളത്തിലെ റൺവേയിലിറങ്ങുകയായിരുന്ന ജപ്പാൻ എയർലൈൻസിന്റെ യാത്രാവിമാനവും കോസ്റ്റ് ഗാര്‍ഡ് വിമാനവുമാണ് കൂട്ടിയിടിച്ചത്.

കോസ്റ്റ് ഗാർഡിന്റെ ബൊംബാർഡിയർ ഡാഷ്-8 വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. പൈലറ്റ് ഉൾപ്പെടെ ആറ് പേരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റ് രക്ഷപ്പെട്ടു. ജപ്പാനിൽ കഴിഞ്ഞദിവസമുണ്ടായ ഭൂകമ്പത്തിനിരയായവർക്ക് ദുരിതാശ്വാസ വസ്തുക്കളുമായി സപ്പോറോ വിമാനത്താവളത്തിൽനിന്ന് എത്തിയതായിരുന്നു കോസ്റ്റ് ഗാര്‍ഡ് വിമാനം.

ഷിന്‍ ചിറ്റോസ് വിമാനത്താവളത്തില്‍നിന്ന് എത്തിയ ജപ്പാൻ എയർലൈൻസിന്റെ എ-350 ജെഎഎല്‍ 516 എയര്‍ബസ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു. ഇതിനു മുൻപായി വിമാനത്തിലുണ്ടായിരുന്ന 379 പേരേയും പുറത്തെത്തിച്ചു.

വിമാനത്തിന് തീപിടിച്ചതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ വിൻഡോകളിലും താഴെയും തീ പടരുന്നത് വീഡിയോയിൽ കാണാം.

അതേസമയം, കൂട്ടിയിടി ഉണ്ടായോയെന്ന് വ്യക്തമല്ലെന്നും വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ വാര്‍ത്താഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു.

More Stories from this section

family-dental
witywide