സമാധാനത്തിനുള്ള 2024 ലെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്കാണ് പുരസ്‌കാരം. ആണവായുധമുക്ത ലോകത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നിഹോണ്‍ ഹിഡാന്‍ക്യോ. ഹിബാകുഷ എന്നും സംഘടന അറിയപ്പെടുന്നു.
ഹിരോഷിമ-നാഗസാക്കി ആണവ ആക്രമണത്തിലെ അതിജീവിതരുടെ സംഘടനയാണ് ഹിബകുഷ. ആണവായുധങ്ങളില്ലാത്ത ലോകത്തിനായുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം.
ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായ അണുബോംബുവിസ്‌ഫോടത്തെ അതിജീവിച്ച് യാതന അനുഭവിച്ചുവരെയാണ് ഹിബാകുഷ എന്ന ജാപ്പനീസ് വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഹിരോഷിമയിലും നാഗസാക്കിയിലും ആണവാക്രമണമുണ്ടായി പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിഹോണ്‍ ഹിഡാന്‍ക്യോ രൂപീകൃതമാകുന്നത്. ആണവായുധങ്ങള്‍ ലോകത്തുനിന്ന് ഇല്ലാതാക്കുകയും ആണവയുദ്ധങ്ങള്‍ തടയുകയുമാണ് സംഘടനയുടെ ലക്ഷ്യം. ജപ്പാനിലെ ആണവാക്രമണ അതിജീവിതരുടെ ഒരേയൊരു രാജ്യാന്തര സംഘടനകൂടിയാണിത്.
2023ല്‍ ഇറാനിയന്‍ ആക്ടിവിസ്റ്റ് നര്‍ഗിസ് മുഹമ്മദിക്കായിരുന്നു സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചത്. സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെതിരെ പോരാടിയതിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാണ് നര്‍ഗിസിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയതിന്റെ പേരില്‍ ഇറാന്‍ ഭരണകൂടം വിധിച്ച 31 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കവെയാണ് നര്‍ഗിസിന് പുരസ്കാരം ലഭിച്ചത്. സമാധാന നോബേല്‍ ജേതാവ് ഷിറിന്‍ എബാദിയുടെ നേതൃത്വത്തിലുള്ള ഡിഫെന്‍ഡേഴ്സ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സെന്റര്‍ എന്ന രാജ്യാന്തര സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് നര്‍ഗിസ്, സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരം നേടുന്ന 19മത് വനിത കൂടിയാണ്.