
ടോക്കിയോ: ലോകത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ രംഗത്ത്. പ്രധാനമന്ത്രി സ്ഥാനം അടുത്ത മാസം രാജിവെക്കുമെന്നാണ് പൊടുന്നനെ കിഷിദ പ്രഖ്യാപിച്ചത്. ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസം നഷ്ടമായി എന്നു ബോധ്യപെട്ടതാണ് രാജി പ്രഖ്യാപനത്തിനു കാരണമായി ജപ്പാന്‍ പ്രധാനമന്ത്രി പറഞ്ഞത്.
ജനങ്ങളെ ഓര്‍ത്താണ് തീരുമാനം. ജനവിശ്വാസം നഷ്ടമായാല്‍ രാഷ്ട്രീയത്തില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കാന്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയോട് (എല്‍ഡിപി) കിഷിദ ആവശ്യപ്പെട്ടതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2021ലാണ് ഫ്യൂമിയോ കിഷിദ ജപ്പാന്‍ പ്രധാനമന്ത്രിയായത്. വിലക്കയറ്റവും അഴിമതി ആരോപണങ്ങളും ജനപ്രീതി തകര്‍ത്ത സാഹചര്യത്തിലാണ് രാജി. കൊവിഡ് കാലത്ത് കിഷിദ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ ജനകീയമായിരുന്നുവെങ്കിലും ബാങ്ക് ഓഫ് ജപ്പാന്‍ അപ്രതീക്ഷിതമായി പലിശ നിരക്ക് ഉയര്‍ത്തിയത് സ്റ്റോക്ക് മാര്‍ക്കറ്റില്‍ അസ്ഥിരതയ്ക്ക് കാരണമായി. യെന്‍ മൂല്യം കുത്തനെ ഇടിയുകയും ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവുകള്‍ക്ക് അനുസരിച്ച് വേതന വര്‍ദ്ധനവുണ്ടാകാത്തതിലും ജനരോഷത്തിന് കാരണമായിരുന്നു.