പെർത്തിലെ തീപാറും പ്രകടനം, ഐസിസി റാങ്കിങ്ങിൽ ബും ബും ബുമ്രയുടെ കുതിപ്പ്‌, വീണ്ടും തലപ്പത്ത്!

ബൗളര്‍മാരുടെ ഐ സി സി റാങ്കിങ്ങിൽ ഇന്ത്യയുടെ ജസ്പ്രിത് ബുംറ ഒന്നാം റാങ്കിലേക്ക് കയറി. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ബുംറ ഒന്നാമനായത്. ഓസ്‌ട്രേലിയക്കെതിരെ പെര്‍ത്ത് ടെസ്റ്റില്‍ 8 വിക്കറ്റുകള്‍ വീഴ്ത്തി ബുംറ കളിയിലെ താരമായിരുന്നു. പിന്നാലെയാണ് നേട്ടം. 883 ആണ് ബുംറയുടെ റേറ്റിങ്.

16 മാസങ്ങള്‍ക്കു ശേഷം ടെസ്റ്റ് സെഞ്ച്വറി അടിച്ച മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോഹ്‌ലിക്ക് ഐസിസി ടെസ്റ്റ് റാങ്കിങില്‍ നേട്ടം. ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്തില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ പുറത്താരകാതെ 100 റണ്‍സെടുത്താണ് ശതക വരള്‍ച്ചയ്ക്ക് വിരാമമിട്ടത്. പിന്നാലെയാണ് റാങ്കിങിലും നേട്ടം. കോഹ്‌ലി 13ാം സ്ഥാനത്തേക്ക് കയറി. 22ാം സ്ഥാനത്തു നിന്നാണ് കോഹ്‌ലി മുന്നേറിയത്. 689 റേറ്റിങുമായാണ് കോഹ്‌ലിയുടെ മുന്നേറ്റം.

ബാറ്റിങില്‍ ഇന്ത്യയുടെ യശസ്വി ജയ്‌സ്വാളും നേട്ടം സ്വന്തമാക്കി. താരവും ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയിരുന്നു. രണ്ട് സ്ഥാനമുയര്‍ന്ന് യശസ്വി രണ്ടാമത്തെത്തി. 825 റേറ്റിങ് പോയിന്റുകളാണ് യശസ്വിക്ക്.

ജോ റൂട്ടാണ് ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്കില്‍. കെയ്ന്‍ വില്ല്യംസന്‍, ഹാരി ബ്രൂക്, ഡരില്‍ മിച്ചല്‍ എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ആറാം സ്ഥാനത്ത് ഋഷഭ് പന്ത്.

More Stories from this section

family-dental
witywide