ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് കനത്ത പ്രഹരം നല്‍കി 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി ജയന്ത് ചൗധരിയുടെ ആര്‍എല്‍ഡി. തീരുമാനം, ജയന്ത് ചൗധരിയുടെ മുത്തഛനും മുന്‍ പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍ സിങ്ങിന് അടക്കം മൂന്നുപേര്‍ക്ക് ഭാതരത്നം നല്‍കുന്നതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ ചൗധരിയുടെ ആര്‍എല്‍ഡി ബാഗ്പത്, ബിജ്നോര്‍ എന്നീ രണ്ട് ലോക്സഭാ സീറ്റുകളില്‍ മത്സരിക്കും, കൂടാതെ രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ ജയന്ത് ചൗധരി മോദിയെ പുകഴ്ത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ സ്പന്ദനം മനസ്സിലാക്കുന്നുവെന്നും ഇതുവരെ ഒരു പാര്‍ട്ടിക്കും ചെയ്യാന്‍ കഴിയാത്തത് മോദിജിക്ക് സാധിച്ചുവെന്നും ചൗധരി പറഞ്ഞു.
ജയന്ത് ചൗധരിയുടെ ആര്‍എല്‍ഡിയുമായി സഖ്യം ഉണ്ടാക്കിയ ബിജെപിക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നോട്ടമുണ്ട്. കാരണം ചൗധരിക്ക് സ്വാധീനമുള്ള ജാട്ട് സമുദായം താമസിക്കുന്ന ഈ മേഖലയില്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. മാത്രമല്ല 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍, ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് നഷ്ടപ്പെട്ട 16 സീറ്റുകളില്‍ ഏഴും പടിഞ്ഞാറന്‍ യുപിയില്‍ നിന്നാണ്. എന്തുകൊണ്ടും ചൗധരിയെ അടുപ്പിച്ച് നിര്‍ത്തുന്നത് ബിജെപിക്ക് ഗുണം ചെയ്യും.