രണ്ടുകോടി വേണം! ശോഭാസുരേന്ദ്രന്‍, കെ. സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപിയില്‍ പോകാന്‍ ചര്‍ച്ച നടത്തിയെന്ന വിവാദം കത്തിനില്‍ക്കെ, ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനറും സിപിഐ എം കേന്ദ്രകമ്മറ്റിയംഗവുമായ ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചു. അഡ്വ. എം രാജഗോപാലന്‍ നായര്‍ മുഖേന ഇ പി നോട്ടീസ് അയച്ചത്.

തന്നെയും പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ മൂവരും ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കാത്ത പക്ഷം, സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ പത്രങ്ങളിലും വാര്‍ത്താചാനലുകളിലും നല്‍കിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും ഇവര്‍ അപവാദം പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നും വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ആരോപിക്കുക വഴി തന്നെയും മാത്രമല്ല പാര്‍ട്ടിയേയും നേതാക്കളേയും അധിക്ഷേപിച്ചിരിക്കുകയാണെന്നും ഇപി ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, ഇ പി ജയരാജന്‍ ബിജെപി യില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭാസുരേന്ദ്രന്റെ വാദം പച്ച നുണയാണെന്നും ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും നോട്ടീസില്‍ പറഞ്ഞു.

More Stories from this section

family-dental
witywide