”പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ… പാപികളുടെ നേരെ മാത്രം”; ഒടുവില്‍ ജന്മദിനത്തില്‍ മൗനം വെടിഞ്ഞ് ജയസൂര്യ

കൊച്ചി: മലയാള സിനിമാ ലോകത്തെ തലകീഴായി മറിച്ച ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനു പിന്നാലെ നിരവധി താരങ്ങള്‍ക്കെതിരെ പീഡനപരാതി ഉയര്‍ന്നിരുന്നു. അക്കൂട്ടത്തില്‍ ഉയര്‍ന്നുവന്ന പേരായിരുന്നു നടന്‍ ജയസൂര്യയുടേത്. പല താരങ്ങളും തങ്ങള്‍ക്കെതിരായ ആരോപമങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നെങ്കിലും ജയസൂര്യ മൗനത്തിലായിരുന്നു. ഇന്നിതാ താരത്തിന്റെ ജന്മദിനത്തില്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച് നടന്‍ രംഗത്തെത്തി. താന്‍ കുടുംബവുമൊത്ത് ഒരു മാസത്തോളമായി അമേരിക്കയിലാണെന്നും തിരിച്ചെത്തിയ ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം വ്യക്തമാക്കി. ഇന്ന് ഏറ്റവും ദുഖപൂര്‍ണ്ണമായ ജന്മദിനമാണെന്നും വൈകാരികമായി ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.

ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അത് തന്റെ കുടുംബത്തെ ദുഃഖത്തിലാക്കിയെന്നും ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ… പാപികളുടെ നേരെ മാത്രം’ എന്നും കുറിച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം….

ഇന്ന് എന്റെ ജന്മദിനം, ആശംസകള്‍ നേര്‍ന്ന് സ്നേഹപൂര്‍വ്വം കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി,…

വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരുമാസത്തോളമായി ഞാന്‍ കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി എനിക്കു നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങള്‍ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയേയും പോലെ അത് എന്നെയും തകര്‍ത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേര്‍ത്തു നിര്‍ത്തിയ ഓരോരുത്തര്‍ക്കും അത് വല്ലാത്തൊരു മുറിവായി വേദനയായി. മരവിപ്പുകള്‍ക്ക് ഒടുവില്‍ ഞാന്‍ നിയമ വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി. ഇനിയുള്ള കാര്യങ്ങള്‍ അവര്‍ തീരുമാനിച്ചുകൊള്ളും.
ആര്‍ക്കും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും, എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരിപോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്‌ബോഴേക്കും, നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ്. ഇവിടത്തെ ജോലികള്‍ കഴിഞ്ഞ ഉടന്‍ ഞാന്‍ തിരിച്ചെത്തും. നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥിതിയില്‍ ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂര്‍ണമാക്കിയതിന്, അതില്‍ പങ്കാളിയായവര്‍ക്ക് നന്ദി.

‘ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ….. പാപികളുടെ നേരെ മാത്രം’ ….

More Stories from this section

family-dental
witywide