ഭാര്യ ഉഷ വാന്‍സിന്റെ ഇന്ത്യന്‍ കുടുംബത്തിനൊപ്പമുള്ള യുഎസ് നിയുക്ത വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രത്തില്‍, മകനെ തോളില്‍ പിടിച്ച് നീല ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച വാന്‍സിനെ കാണാം. മഞ്ഞ കലര്‍ന്ന തവിട്ട് നിറത്തിലുള്ള വസ്ത്രം ധരിച്ച ഭാര്യ ഉഷ, മകളെ എടുത്ത് ചിത്രത്തിന്റെ ഇടതുവശത്തുണ്ട്. ദമ്പതികള്‍ക്കൊപ്പം, ഏകദേശം 21 കുടുംബാംഗങ്ങള്‍ ഒരു വീടിന്റെ മുറ്റത്ത് ഒരു പാര്‍ട്ടി പോലെ ഒത്തുകൂടിയിരിക്കുന്നതും കാണാം.
സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റായ ആശാ ജഡേജ മോട്വാനിയാണ് ഈ ചിത്രം പങ്കുവെച്ചത്. ചിത്രം എന്ന് പകര്‍ത്തിയതാണെന്ന് വ്യക്തമല്ല. താങ്ക്‌സ്ഗിവിംഗില്‍ ജെ ഡി വാന്‍സ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കിട്ടത്. പോസ്റ്റ് വൈറലായതോടെ, ഒഹായോ സെനറ്ററായ വാന്‍സിന്റെ സ്‌നേഹമുള്ള കുടുംബത്തെ അഭിനന്ദിച്ചുകൊണ്ട് ഭൂരിഭാഗം ആളുകളും പ്രതികരണങ്ങള്‍ നടത്തി.
‘ജെഡിക്ക് യഥാര്‍ത്ഥ കുടുംബത്തെക്കുറിച്ച് ഒരു ബോധ്യം ലഭിച്ചുവെന്നും ‘ഭാര്യയുടെ സമ്പൂര്‍ണ ഇന്ത്യന്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചത് നല്ലകാര്യമെന്നും ഇവിടെ വാന്‍സിന് വളരെയധികം ബഹുമാനമുണ്ടെന്നും ചിലര്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചു. ഒരു വിദേശിയ്ക്ക് ഇന്ത്യന്‍ സംസ്‌കാരവുമായി പൊരുത്തപ്പെടാന്‍ പ്രയാസമാണെന്നും എന്നാല്‍ വാന്‍സിന് അതിന് സാധിച്ചെന്നും ചിലര്‍ ചൂണ്ടിക്കാണ്ടി. അതേസമയം, വാന്‍സിനെ കുറ്റപ്പെടുത്തിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു എന്നും ശ്രദ്ധേയം.
ഈ മാസമാദ്യം ജനപ്രിയ പോഡ്കാസ്റ്റ് ഹോസ്റ്റായ ജോ റോഗനോട് സംസാരിക്കുമ്പോള്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍ പാചകരീതിയെക്കുറിച്ചും ഭാര്യ തന്റെ ഭക്ഷണ തിരഞ്ഞെടുപ്പുകളെ എങ്ങനെ സ്വാധീനിച്ചുവെന്നും വാന്‍സ് വാചാലനായിരുന്നു. ഉഷയും ജെഡിയും 2014ല്‍ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിയമബിരുദത്തിനു പഠിക്കുമ്പോഴാണ് കണ്ടുമുട്ടിയത്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്.