‘മക്കളില്ലാത്ത തൻ്റേടി സ്ത്രീ’: കമലാ ഹാരിസനെ കുറിച്ചുള്ള ജെ ഡി വാൻസിൻ്റെ പഴയ കമൻ്റ് എയറിൽ

‘സോഷ്യൽ മീഡിയയിലുള്ള ആളുകൾക്ക് പൂച്ചകളെ മാത്രമല്ല കുട്ടികളില്ലാത്ത കാറ്റി ലേഡീസിനെയും ( തൻ്റേടികളും സ്വതന്ത്രചിന്താഗതിക്കാരുമായ സ്ത്രീകൾ) ഇഷ്ടമാണ് എന്ന വലിയ പാഠമാണ് യുഎസ് റിപ്പബ്ലിക്കൻ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി ജെ ഡി വാൻസ് ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നത്. കാരണം സ്വന്തം മക്കളില്ലാത്തവർ ഭരിക്കാൻ യോഗ്യരല്ല എന്നും കമലാ ഹാരിസിനെ പോലുള്ള മക്കളില്ലാത്ത തൻ്റേടികളായ സ്ത്രീകൾക്ക് രാജ്യത്ത് ഭരണം നടത്താൻ സാധിക്കില്ല എന്നും 2021ലെ ഒരു ഫോക്സ് ന്യൂസ് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ആ കമന്റെടുത്ത് ആളുകൾ അലക്കുകയാണ് ഇപ്പോൾ

” മക്കളില്ലാത്ത ചില തൻ്റേടി സ്ത്രീകളുണ്ട്. അവരുടെ ചില തോന്നിയ തീരുമാനങ്ങൾ കൊണ്ട് അവരുടെ ജീവിതമോ ദുരിതത്തിലായി, എന്നു മാത്രമല്ല രാജ്യത്തെ മുഴുവൻ ദുരിതത്തിലാക്കാൻ അവർ ശ്രമിക്കുകയാണ്..” കമലാ ഹാരിസിലെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കമൻ്റ് ഇങ്ങനെയായിരുന്നു.

എന്നാൽ കമല ഹാരിസ് രണ്ടു കുട്ടികളുടെ രണ്ടാനമ്മയാണ്. കമലയുടെ ഭർത്താവ് ഡഗ് എംഹോഫിലിനും ആദ്യ ഭാര്യ കെർസ്റ്റിനും രണ്ടു മക്കളുണ്ട്. എല്ല, കോൾ എന്നിവർ . ഇപ്പോൾ കമലയ്ക്കു വേണ്ടി രംഗത്തു വന്നിരിക്കുന്നത് ഈ രണ്ടു മക്കളുടെ അമ്മയായ കെർസ്റ്റിനാണ്. ’10 വർഷമായി രണ്ടു മക്കളേയും കമല എന്നെ പോലെ തന്നെ നോക്കുന്നുണ്ട്. അവർ മികച്ച രക്ഷിതാവാണ്. ഞങ്ങൾ മൂന്നു പേരും ആ രണ്ടു മക്കളുടേയും മാതാപിതാക്കളാണ്. ആ കുടുംബത്തിൽ എന്നെ കൂടി ഉൾപ്പെടുത്തിയതിൽ എനിക്കു സന്തോഷം മാത്രമേ ഉള്ളു. അവർ പറയുന്നു.

കമലയെ മോമല എന്നാണ് കുട്ടികൾ വിളിക്കുന്നത്. 25 വയസ്സുള്ള എല്ല കമലയ്ക്കു വേണ്ടി ഇങ്ങനെ കുറിച്ചു.. “ഞാൻ എൻ്റെ മൂന്ന് മാതാപിതാക്കളെയും സ്നേഹിക്കുന്നു. എന്നെയും കോളിനെയും പോലെയുള്ള 2 ക്യൂട്ട് കുട്ടികൾ ഉള്ളപ്പോൾ നിങ്ങൾ എങ്ങനെ ‘കുട്ടികളില്ലാത്ത’ ആളാകും”

കമലയുടെ ആരാധകരാകട്ടെ വളരെ സജീവമായി രംഗത്തു വന്നിരിക്കുകയാണ്. ഇതുവരെ യുഎസ് പ്രസിഡൻ്റുമാരായിരുന്നത് പുരുഷനമാരായിരുന്നു. അവരാരും പ്രസവിച്ചിട്ടില്ല. ഇനി അവരിൽ പലർക്കും കുട്ടികളുമില്ലായിരുന്നു. അവരിൽ പ്രധാനി അമേരിക്കയുടെ ആദ്യത്തെ പ്രസിഡൻ്റ്, ജോർജ്ജ് വാഷിംഗ്ടൺ ആയിരുന്നു. കമല ഹാരിസിനെപ്പോലെ മുൻ വിവാഹത്തിൽ നിന്ന് തൻ്റെ പാർട്നർക്ക് ജനിച്ച മക്കളെ വളർത്തുകയാണ് അദ്ദേഹം ചെയ്തത്.

പ്രമുഖ ഹോളിവുഡ് നടിയായ ജെനിഫർ ആനിസ്റ്റൺ വാൻസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. “മിസ്റ്റർ വാൻസ് ഭാവിയിൽ നിങ്ങളുടെ മകൾക്ക് മക്കളെ ജനിപ്പിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. കാരണം IVF പോലുള്ള ചികിൽസാ രീതികൾ പോലും നിങ്ങൾ ഭാവി തലമുറയ്ക്ക് നിഷേധിക്കുകയാണ്” അവർ കുറിച്ചു.

സ്വിഫ്റ്റീസ് എന്ന് അറിയപ്പെടുന്ന ടെയ്ലർ സ്വഫ്റ്റ് ആരാധകരും വാൻസിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

“രാഷ്ട്രീയ നേതാക്കൾക്ക് കുട്ടികളുണ്ടാകണം. തീർച്ചയായും അവർ വിവാഹിതരായിരിക്കണം, കുടുംബം വൃത്തിയായി ഭരിക്കാൻ അറിയുന്നവർക്ക് മാത്രമേ രാജ്യം ഭരിക്കാൻ സാധിക്കൂ” ട്രംപ് പാർട്ടിയുടെ നയം ഇതാണ്. മക്കളുള്ളവർക്ക് കൂടുതൽ വോട്ട് കിട്ടുമെന്നും വാൻസ് പറഞ്ഞു വച്ചിട്ടുണ്ട്. കാരണം അവർ രാഷ്ട്രത്തിനു വേണ്ടി അടുത്ത തലമുറയെ സൃഷ്ടിച്ചിരിക്കുകയാണ് പോലും. എന്തായാലും ഇത്തരം കമന്റുകൾ കൊണ്ട് വാൻസ് ട്രംപിന്റെ യഥാർഥ അനുയായി തന്നെ എന്ന് തെളിയിച്ചിരിക്കുകയാണ്.

JD Vance’s Childless Cat Ladies comment Sparks Social media Uproar

More Stories from this section

family-dental
witywide