ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അന്വേഷണം നേരിടുന്ന ജെഡിഎസ് നേതാവ് സൂരജ് രേവണ്ണക്ക് ഉപാധികളോടെ ജാമ്യം. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ സൂരജ് രേവണ്ണയ്ക്ക് കോടതി നിർദേശം നൽകി. അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി.
“ഹർജിക്കാരൻ തൻ്റെ പാസ്‌പോർട്ട് കോടതിയിൽ നൽകണം, കോടതിയിൽ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങാതെ സംസ്ഥാനം വിട്ടുപോകരുത്. ഹർജിക്കാരൻ ഒരു തരത്തിലും ഇരയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ പാടില്ല. ഹർജിക്കാരൻ അടുത്ത ആറ് മാസത്തേക്ക് അല്ലെങ്കിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെ, മാസത്തിലെ എല്ലാ രണ്ടാമത്തെ ഞായറാഴ്ചയും രാവിലെ 9 ക്കും വൈകുന്നേരം 5 ക്കും ഇടയിൽ അന്വേഷക ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജണം,” കോടതി പറഞ്ഞു.
പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് പാർട്ടി പ്രവർത്തകൻ നൽകിയ പരാതിയിൽ കഴിഞ്ഞ മാസം 23നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. ജൂൺ 16ന് വൈകിട്ട് 6.15 ഓടെ ഹസൻ ജില്ലയിലെ ഹോളനരസിപുര താലൂക്കിലെ ഒരു ഫാം ഹൗസിൽ പാർട്ടി പ്രവർത്തകൻ സൂരജ് രേവണ്ണയെ സന്ദർശിച്ചതായി എഫ്ഐആറിൽ പറയുന്നു. സൂരജ് തന്നെ വസ്ത്രം വലിച്ചു കീറുകയും ലൈംഗികമായി പീഡിപ്പിക്കുകയും കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇയാൾ ആരോപിച്ചു. സൂരജ് രേവണ്ണ തനിക്ക് ജോലിയും രാഷ്ട്രീയ വളർച്ചയ്ക്ക് സഹായവും ഉറപ്പ് നൽകിയതായും അദ്ദേഹം ആരോപിച്ചു. ലൈംഗികാതിക്രമ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരനാണ് സൂരജ്.