എനിക്ക് വോട്ട് ചെയ്യാത്തതിനാല്‍ മുസ്ലീങ്ങള്‍ക്കും യാദവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കില്ല : വിവാദത്തിലേക്ക് ജെഡിയു എംപി

ന്യൂഡല്‍ഹി: വിവാദ പ്രസംഗം നടത്തി ജനതാദള്‍ (യു) എംപി ദേവേഷ് ചന്ദ്ര ഠാക്കൂര്‍. അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം, യാദവ സമുദായങ്ങള്‍ തനിക്ക് വോട്ട് ചെയ്യാത്തതിനാല്‍ അവരുടെ അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കില്ലെന്നും അവര്‍ക്കുവേണ്ടി ഒന്നും ചെയ്യില്ലെന്നുമാണ് എം.പി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. ഇദ്ദേഹത്തിന്റെ വാക്കുകള്‍ വിവാദത്തിന് കാരണമാകുകയും ചര്‍ച്ചകളിലേക്ക് വഴിമാറുകയുമായിരുന്നു. ജെഡിയു എംപി സീതാമര്‍ഹിയിലെ യാദവ, മുസ്ലീം സമുദായങ്ങളോടുള്ള അതൃപ്തി പ്രകടിപ്പിക്കുന്ന പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘മുസ്ലീം, യാദവ സമുദായങ്ങളില്‍ നിന്ന് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിപാടിക്ക് വരാം, ചായയും ലഘുഭക്ഷണവും കഴിച്ച് പോകാം, പക്ഷേ ഒരു സഹായവും പ്രതീക്ഷിക്കരുത്. എന്റെ പാര്‍ട്ടി ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ടുവെന്ന ഒറ്റക്കാരണംകൊണ്ട് നിങ്ങള്‍ എനിക്ക് വോട്ട് ചെയ്തില്ല എന്നിരിക്കേ, എനിക്ക് എങ്ങനെ നിങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍കഴിയുമെന്നാണ് മുസ്ലിം സഹോദരങ്ങളോട് ചോദക്കാനുള്ളതെന്നും എംപി പറഞ്ഞു.

മുസ്ലീം സമുദായത്തില്‍ നിന്നുള്ള ഒരാള്‍ സഹായം അഭ്യര്‍ത്ഥിക്കാന്‍ തന്റെ അടുത്ത് വന്നപ്പോള്‍ അവന്‍ ആദ്യമായി വന്നതാണെന്ന് ഞാന്‍ വ്യക്തമായി പറഞ്ഞു. മാത്രമല്ല, ആര്‍ജെഡിക്ക് വോട്ട് ചെയ്‌തോ എന്ന് ചോദിച്ചെന്നും ചായകുടിച്ചിട്ട് പോകൂ എന്ന് പറഞ്ഞുവെന്നും സഹായം ചെയ്തുകൊടുത്തില്ലെന്നും ഉദാഹരണ സഹിതമായിരുന്നു നേതാവിന്റെ പ്രസംഗം.

അതേസമയം, തന്റെ പാര്‍ട്ടി ബിജെപിയുമായി സഖ്യത്തിലാണെങ്കിലും താന്‍ ഇപ്പോള്‍ സീതാമര്‍ഹിയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നുവെന്ന കാര്യം മറക്കരുതെന്നും താക്കൂറിനെതിരെ ആര്‍ജെഡി തിരിച്ചടിച്ചു. ‘ഏതൊരു നേതാവും, അത് എംപിയോ, എംഎല്‍എയോ, പ്രധാനമന്ത്രിയോ ആകട്ടെ, ഒരു ജാതിയിലും സമുദായത്തിലും പെട്ടവനല്ല. തെരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍ അവന്‍ ഒരു പ്രദേശത്തിന്റെ പ്രതിനിധിയായി മാറുന്നു. ദേവേഷ് ചന്ദ്ര താക്കൂര്‍ ഇപ്പോള്‍ സീതാമര്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട എംപിയാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആ പ്രദേശത്തെ എല്ലാവരും തുല്യരായിരിക്കണം, തന്റെ പാര്‍ട്ടി ബിജെപിയുമായി സഖ്യത്തിലാണെങ്കിലും അദ്ദേഹം കാവിവല്‍ക്കരിക്കപ്പെടരുത്, എന്ന് വിഷയത്തില്‍ ആര്‍ജെഡി നേതാവ് മൃത്യുഞ്ജയ് തിവാരി പ്രതികരിച്ചു.

ബീഹാറിലെ സീതാമര്‍ഹി ലോക്സഭാ മണ്ഡലത്തില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സ്ഥാനാര്‍ത്ഥി അര്‍ജുന്‍ റായിക്കെതിരെ 51,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് താക്കൂര്‍ വിജയിച്ചത്.

More Stories from this section

family-dental
witywide