ഹേമന്ത് സോറന് കുരുക്കു മുറുകുന്നു; ഭരണകക്ഷി എംഎൽഎ രാജിവച്ചു, ഭാര്യയെ മത്സരിപ്പിക്കാനെന്ന് ബിജെപി

റാഞ്ചി: മുതിര്‍ന്ന ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എംഎല്‍എ സർഫരാജ് അഹമ്മദിന്റെ അപ്രതീക്ഷിത രാജിയിൽ മുഖ്യമന്ത്രി ഹേമന്ത് സോറനറെ കുരുക്ക് മുറുകുന്നു. അഴിമതിക്കേസിൽ മുഖ്യമന്ത്രി ഹേമന്ദ് സോറന് രാജിവയ്ക്കേണ്ടിവന്നാൽ പകരം ഭാര്യ കൽപ്പനയെ മത്സരിപ്പിക്കാൻ മണ്ഡലം ഒഴിച്ചിട്ടതാണെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. ഗാണ്ഡെ മണ്ഡലത്തിൽ നിന്നുള്ള ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) അംഗമായ സർഫറാസ് വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നാണ് അറിയിച്ചത്.

ഡിസംബര്‍ 31 നാണ് ഗാണ്ട എംഎല്‍എ സര്‍ഫരാജ് അഹമ്മദ് രാജി കൈമാറിയത്. അന്ന് തന്നെ രാജി അംഗീകരിച്ചെങ്കിലും വിജ്ഞാപനം പുറത്തിറക്കിയത് തിങ്കളാഴ്ച്ചയാണ്. 2023 ഡിസംബര്‍ 31 മുതല്‍ ഗാണ്ട സീറ്റ് ഒഴിഞ്ഞ് കിടക്കുമെന്നാണ് നിയമസഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനത്തില്‍ പുറത്തിറക്കിയത്. അപ്രതീക്ഷിത രാജിയില്‍ സര്‍ഫരാജോ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാക്കളോ പ്രതികരിക്കാന്‍ തയ്യാറാവാതെ വന്നതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏഴാം തവണ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ചോദ്യം ചെയ്യാൻ സോറനെ വിളിപ്പിച്ചിട്ടുണ്ട്. അറസ്റ്റുണ്ടായാൽ രാജിവച്ച് പകരം ഭാര്യയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെന്നാണ് ബിജെപിയുടെ ആരോപണം. ഭൂമി കുംഭകോണം കേസിൽ ഐഎഎസ് ഉദ്യോഗസ്ഥനായ ഛവി രഞ്ജൻ അടക്കം 14 പേരെ ഇ.‍ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വർഷം ഒടുവിലാണ് 81 അംഗ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.