അമേരിക്കയുടെ ചരിത്രത്തിൽ ആദ്യ ‘സെഞ്ചുറി’യടിച്ച പ്രസിഡന്റായി ജിമ്മി കാർട്ടർ! ഇന്ന് നൂറാം ജന്മദിനം, ഇത്തവണത്തെ വോട്ട് ആർക്കെന്നും വെളിപ്പെടുത്തി!

ന്യൂയോര്‍ക്ക്: അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി 100 വയസ് തികയ്ക്കുന്ന പ്രസിഡന്റ് എന്ന ഖ്യാതി ജിമ്മി കാര്‍ട്ടറിന് സ്വന്തമായി. മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ജിമ്മി കാര്‍ട്ടറിന് ഇന്ന് നൂറാം ജന്മദിനമാണ്. അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തിയവരിൽ ആദ്യമായാണ് ഒരാൾ നൂറ് വയസ് എന്ന നാഴികകല്ല് പിന്നീടുന്നത്.

ജനിച്ചു വളര്‍ന്ന ജോര്‍ജ്ജിയയിലാണ് അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിക്കുന്നത്. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച് കഠിനാദ്ധ്വാനം കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ വരെ ആകാന്‍ കഴിഞ്ഞ കാര്‍ട്ടര്‍ അമേരിക്കക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു. 1977 മുതല്‍ 1981 വരെ ആയിരുന്നു അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്നത്. അമേരിക്കയുടെ മുപ്പത്തി ഒമ്പതാമത്തെ പ്രസിഡന്റ് ആയിരുന്നു ജിമ്മികാര്‍ട്ടര്‍. കാര്‍ട്ടര്‍ക്കൊപ്പം എല്ലയ്പ്പോളും ഉണ്ടായിരുന്ന പത്നി റോസലിന്‍ തൊണ്ണൂററി ആറാമത്തെ വയസില്‍ കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്.

ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആർക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം നൂറാം ജന്മദിനത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. കമലാ ഹാരീസിന് വോട്ട് ചെയ്യുക എന്നതാണ് നൂറാം വയസിലും കാര്‍ട്ടര്‍ ബാക്കി വെയ്ക്കുന്ന സ്വപ്നം. ഈ മാസം പതിനഞ്ചിനാണ് ജിമ്മികാര്‍ട്ടര്‍ക്ക്‌ തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്താനാകുക.