ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ജമ്മു കശ്മീര്‍. 2018 മുതല്‍ ഗവര്‍ണര്‍ ഭരണത്തിന്‍ കീഴിലുള്ള കശ്മീരില്‍ 10 വര്‍ഷത്തിനു ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുക. 2014 ല് ശേഷം കശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.
സെപ്റ്റംബര്‍ 18, സെപ്റ്റംബര്‍ 25, ഒക്ടോബര്‍ 1 തീയതികളിലായി മൂന്നു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ഫലം ഒക്ടോബര്‍ 4 ന് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
സെപ്റ്റംബര്‍ 30നകം ജമ്മു കശ്മീര്‍ താഴ്വരയില്‍ ജനാധിപത്യം തിരിച്ചുവരണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള വലിയൊരു ചുവടുവയ്പാണിത്. അമര്‍നാഥ് യാത്ര അവസാനിക്കുന്നതിന്റെ പിറ്റേന്ന് ആഗസ്ത് 20നകം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 87 ലക്ഷം വോട്ടര്‍മാര്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കശ്മീരില്‍ 90 മണ്ഡലങ്ങളാണുള്ളത്.
കശ്മീരിനൊപ്പം ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍ .
അതേസമയം, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിട്ടില്ല.