ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും തൊഴില്‍ സമ്മര്‍ദ്ദ മരണം. ഉത്തര്‍പ്രദേശിലെ ജാന്‍സിയിലാണ് തൊഴില്‍ സമ്മര്‍ദം മൂലം യുവാവ് ജീവനൊടുക്കിയത്. ബജാജ് ഫിനാന്‍സില്‍ ഏരിയ മാനേജറായി ജോലി ചെയ്യുന്ന തരുണ്‍ സക്‌സേനയെ (42) ആണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബജാജ് ഫിനാന്‍സിന്റെ വിശദീകരണം വന്നിട്ടില്ല.
ജോലിസ്ഥലത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കഴിഞ്ഞ രണ്ട് മാസമായി ജോലിയില്‍ സമ്മര്‍ദം ചെലുത്തുകയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി തരുണ്‍ സക്സേന ഒരു കുറിപ്പില്‍ പറയുന്നു. ഒന്നരമാസത്തോളമായി ഭക്ഷണവും ഉറക്കവും കൃത്യമായിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു.
പരമാവധി ശ്രമിച്ചിട്ടും തനിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞ ടാര്‍ഗെറ്റില്‍ എത്താന്‍ കഴിഞ്ഞില്ലെന്നും താന്‍ വളരെയധികം സമ്മര്‍ദ്ദത്തിലാണെന്നും ആത്മഹത്യാകുറിപ്പിലുണ്ട്. ബജാജ് ഫിനാന്‍സ് ലോണുകളുടെ ഇഎംഐകള്‍ തന്റെ പ്രദേശത്ത് നിന്ന് ശേഖരിക്കാന്‍ തരുണിനെ ചുമതലപ്പെടുത്തിയിരുന്നു, എന്നാല്‍ നിരവധി പ്രശ്നങ്ങള്‍ കാരണം ടാര്‍ഗെറ്റ് തികയ്ക്കാന്‍ തരുണിനായില്ല. ഇതോടെജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടായി. മാത്രമല്ല, തന്റെ സീനിയര്‍മാര്‍ തന്നെ ആവര്‍ത്തിച്ച് അപമാനിച്ചതായും കുറിപ്പിലുണ്ട്.