‘കുഞ്ഞുങ്ങളെ നോക്കുന്ന ജോലിപോലും ചെയ്യേണ്ടി വരുന്നു’, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കടമ്പകളേറെ…

ഹൈദരാബാദ്: ജീവിതം കരുപ്പിടിപ്പിക്കാന്‍ യു.എസ് ഒരു കാലത്ത് മികച്ച ഇടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും അങ്ങനെയല്ല. യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം, ദിവസം ചെല്ലുന്തോറും മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് നേരിടേണ്ടിവരുന്നത്.

മികച്ച ജോലി, സാമ്പത്തിക ഭദ്രത, കുടുംബത്തിന്റെ ഉയര്‍ച്ച…അങ്ങനെ നീണ്ടു നീണ്ടുപോകുന്ന സ്വപ്‌നങ്ങള്‍ക്കുമേല്‍ പ്രതിസന്ധികളുടെ കരിനിഴല്‍ വീണുകൊണ്ടേയിരിക്കുന്നു.

യുഎസീലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് അനുവദിക്കുന്ന ജോലികള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. എന്നാല്‍ പലരും അവരുടെ ജീവിത ചെലവുകള്‍ വഹിക്കാന്‍ നന്നേ പാടുപെടുന്നതുകൊണ്ട് മറ്റെന്തെങ്കിലും പാര്‍ട്ട് ടൈം ജോലികള്‍ കണ്ടെത്തുന്നു. ഇവ നിയമവിരുദ്ധമാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. എന്നാല്‍ അത്തരം പാര്‍ട്ട് ടൈം ജോലികളും കിട്ടാന്‍ പ്രയാസമായാല്‍ എന്തുചെയ്യും?

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ അടുത്ത വീട്ടിലെ ചില ജോലികള്‍ ഏറ്റെടുക്കുന്നതിലേക്ക് ശ്രദ്ധ തിരിക്കുന്നു. അതില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് കുഞ്ഞുങ്ങളെ നോക്കുക (ബേബി സിറ്റിംഗ്) എന്നതാണ്. സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം നല്‍കുന്നതിനാല്‍ പല പെണ്‍കുട്ടികള്‍ക്കും ഇത് മികച്ച ഒരു ഓപ്ഷനാണ്.

തെലങ്കാനയില്‍ നിന്നും ആന്ധ്രയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ യുഎസില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ സമൂഹത്തിലെ കുട്ടികളെ പരിചരിക്കുന്നത് പാര്‍ട്ട് ടൈം ജോലിയാക്കി മാറ്റിയിരിക്കുകയാണ്. മണിക്കൂറിന് ഏകദേശം 13 ഡോളറനും 18 ഡോളറിനും ഇടയിലാണ് ശമ്പളം ലഭിക്കുക. ചിലര്‍ക്ക് ഭക്ഷണം, താമസം, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയും ജോലിക്കൊപ്പം ലഭിക്കുന്നുണ്ട്.

‘ഞാന്‍ ആറ് വയസ്സുള്ള ഒരു ആണ്‍കുഞ്ഞിനെ ഒരു ദിവസം ഏകദേശം എട്ട് മണിക്കൂര്‍ നോക്കുന്നു. മണിക്കൂറിന് 13 ഡോളര്‍ പ്രതിഫലം ലഭിക്കും. കുട്ടിയെ പരിചരിക്കുന്നതിന് എനിക്ക് ഭക്ഷണവും ലഭിക്കും,’ ഒഹായോയില്‍ പഠിക്കുന്ന ഹൈദരാബാദില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി പറഞ്ഞതിങ്ങനെ. ‘ആഴ്ചയില്‍ ആറ് ദിവസവും രണ്ടര വയസ്സുള്ള കുഞ്ഞിനെ പരിപാലിക്കണം. ആറ് ദിവസവും ശമ്പളത്തിനു പുറമേ ഭക്ഷണവും താമസവും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കുന്നുണ്ടെന്ന് കണക്റ്റിക്കട്ടിലെ മറ്റൊരു തെലുങ്ക് വിദ്യാര്‍ത്ഥിനിയും വെളിപ്പെടുത്തി. മണിക്കൂറിന് 10 ഡോളര്‍ മാത്രമാണ് തനിക്ക് ശമ്പളം ലഭിക്കുന്നതെന്നും എന്നാല്‍ തന്റെ വാടക അടഞ്ഞുപോകുന്നതിനാല്‍ ജോലി ഏറ്റെടുക്കുന്നതില്‍ കൂടുതല്‍ സന്തോഷമുണ്ടെന്നും ചിലര്‍ പറയുന്നു.

ഒരു ലോക്കല്‍ സ്റ്റോറിലോ ഗ്യാസ് സ്റ്റേഷനിലോ ജോലി ചെയ്യുന്നതിനേക്കാള്‍ നല്ലതെന്നാണ് ഈ ജോലിയെക്കുറിച്ച് വിദ്യാര്‍ത്ഥിനികള്‍ക്കിടയിലെ അഭിപ്രായം. ശരാശരി ഒരു വിദ്യാര്‍ത്ഥി യുഎസില്‍ പ്രതിമാസം ഏകദേശം 300 ഡോളറോളം വാടകയിനത്തില്‍ ചെലവഴിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ ജനസംഖ്യ തിങ്ങിപ്പാര്‍ക്കുന്ന കാലിഫോര്‍ണിയ, ടെക്സസ്, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, ഇല്ലിനോയിസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുട്ടികളെ നോക്കാന്‍ ആളുകളെ ധാരാളമായി ലഭിക്കും എന്നതിനാല്‍ കുറഞ്ഞ വേതനം മാത്രമാണ് ലഭിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

ഓപ്പണ്‍ ഡോര്‍സ് 2024 റിപ്പോര്‍ട്ട് അനുസരിച്ച്, ഇല്ലിനോയിസില്‍ 20,000, ഒഹായോയില്‍ 13,500, കണക്റ്റിക്കട്ടില്‍ 7,000, ടെക്‌സാസില്‍ ഏകദേശം 39,000 എന്നിങ്ങനെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുള്ളത്. ഇതില്‍ 50 ശതമാനത്തോളം തെലുങ്ക് വിദ്യാര്‍ത്ഥികളാണെന്നതും ശ്രദ്ധേയം.