“ജനങ്ങളാണ് എന്നെ സ്ഥാനാർഥിയാക്കിയത്, ഞാൻ മൽസരിക്കുകയാണ്, നമ്മൾ വിജയിക്കും”: ഡിട്രോയിറ്റിലെ റാലിയിൽ ബൈഡൻ, ‘പിന്മാറരുത് ‘ എന്ന് ജനക്കൂട്ടം

പ്രസിഡൻ്റ് ജോ ബൈഡൻ വെള്ളിയാഴ്ച ഡിട്രോയിറ്റിൽ ആവേശഭരിതരായ ജനക്കൂട്ടത്തിന് മുമ്പാകെ താൻ മൽസരിക്കുകയാണെന്ന് ഒരിക്കൽ കൂടി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. വിവാദ വാർത്താ സമ്മേളനത്തിനു ശേഷം സ്വന്തം പാർട്ടിയിൽയിൽ നിന്ന് തന്നെ പിന്മാറാൻ വലിയ സമ്മർദം ബൈഡനുണ്ട്. അതു നിലനൽക്കെയാണ് ബൈഡൻ തിരഞ്ഞെടുപ്പ് റാലിയിൽ എത്തി, താൻ പിന്മാറില്ല എന്ന് പ്രഖ്യാപിച്ചത്. ഡിട്രോയിറ്റ് ഹൈസ്‌കൂളിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിന് വലിയ പിന്തുണയായിരുന്നു. മിഷിഗണിലെ ജനക്കൂട്ടം മത്സരത്തിൽ തുടരാൻ ബൈഡനെ പ്രോത്സാഹിപ്പിച്ചു, “നിങ്ങൾ പിന്മാറരുത് !” എന്ന് അവർ വിളിച്ചു പറയുന്നുണ്ടായിരുന്നു.

“നിങ്ങളെപ്പോലുള്ള പതിനാല് ദശലക്ഷം ഡെമോക്രാറ്റുകൾ പ്രൈമറികളിൽ എനിക്ക് വോട്ട് ചെയ്തു,” ബൈഡൻ പറഞ്ഞു. “നിങ്ങളാണ് എന്നെ സ്ഥാനാർഥിയാക്കിയത്, മറ്റാരുമല്ല. പത്രക്കാരല്ല, രാഷ്ട്രീയ പണ്ഡിതന്മാരല്ല, പാർട്ടി നേതാക്കളല്ല,സംഭാവന നൽകുന്നവരുമല്ല. നിങ്ങൾ വോട്ടർമാരാണ് അത് തീരുമാനിച്ചത്. നിങ്ങൾ തീരുമാനിച്ചു, ഞാൻ മൽസരിക്കണമെന്ന്, ഞാൻ എങ്ങോട്ടും മാറി നിൽക്കാൻ പോകുന്നില്ല. നമ്മൾ വിജയിക്കുക തന്നെ ചെയ്യും.” ബൈഡൻ്റെ ആവേശകരമായ പ്രസംഗം ജനക്കൂട്ടത്തേയും ഇളക്കി മറിച്ചു.

താൻ പ്രസിഡൻ്റായാൽ അടുത്ത 100 ദിവസത്തേക്കുള്ള പദ്ധതികളും ബൈഡൻ വിവരിച്ചു. ഗർഭച്ഛിദ്ര വിഷയത്തിൽ റോ vs വേയ്ഡ് വിധി ക്രോഡീകരിക്കും, കുട്ടികൾക്കുള്ള നികുതി ഇളവുകൾ ശാശ്വതമാക്കും, മെഡികെയറും മെഡികെയ്ഡ്ും വിപുലീകരിക്കും, മിനിമം വേതനം വർധിപ്പിക്കും, ആക്രമണ ആയുധങ്ങൾ നിരോധിക്കും എന്നിവ ഉൾപ്പെടെ രണ്ടാം ടേമിൻ്റെ ആദ്യ 100 ദിവസങ്ങളിൽ തൻ്റെ മുൻഗണനകൾ എന്തായിരിക്കുമെന്ന് ബൈഡൻ ആദ്യമായി വിശദീകരിച്ചു.

കൂടെ ട്രംപിനെ ആക്രമിക്കാനും ബൈഡൻ മറന്നില്ല. പതിവിൽ നിന്ന് വ്യത്യസ്തമായി, ട്രംപ് ഒരു സ്ത്രീയെ ബലാൽസംഘം ചെയ്ത വ്യക്തിയാണെന്ന് ബൈഡൻ ആരോപിച്ചു. ഇ. ജീൻ കരോളിൻ്റെ അപകീർത്തിക്കേസിൽ ട്രംപിനെതിരായ ജഡ്ജിയുടെ വിധി പ്രസംഗത്തിൽ ബൈഡൻ പരാമർശിച്ചു.

ട്രംപിനെ “പരാജിതൻ” എന്നും “കുറ്റവാളി” എന്നും ബൈഡൻ വിളിച്ചു. ട്രംപ് തൻ്റെ ഗോൾഫ് കാർട്ടിൽ ചുറ്റിക്കറങ്ങുകയും പന്ത് തട്ടുന്നതിന് മുമ്പുതന്നെ സ്കോർ കാർഡ് പൂരിപ്പിക്കുകയും ചെയ്യുന്ന ആളാണ് എന്നും ബൈഡൻ ആരോപിച്ചു. “6 തവണ പാപ്പർ ഹർജി നൽകിയ വ്യക്തിയാണ് ട്രംപ്. ഒരു കാസിനോ നടത്തിക്കൊണ്ടുപോലും അദ്ദേഹം പാപ്പരായി, അതു വിശ്വസിക്കാൻ പ്രയാസമാണ്. സാധാരണ കസിനോ നടത്തുന്നവർ വിജയിക്കുകയും അവിടെ പോകുന്നവരുടെ വീട്ടുകാർ പാപ്പരാവുകയുമാണ് ചെയ്യാറ്.” ബൈഡൻ പറഞ്ഞു.

ട്രംപിൻ്റെ നാക്കുപിഴയും ബൈഡൻ ചൂണ്ടിക്കാട്ടി . ബൈഡന് എതിരെയുള്ള ഏറ്റവും വലിയ ആരോപണംഅദ്ദേഹത്തിന്റെ നാക്കു പിഴയും ഓർമക്കുറവുമാണ്. ട്രംപ് നിക്കി ഹേലിയെ നാൻസി പെലോസി എന്ന് വിളിച്ചത് തന്നെ വിമർശിക്കുന്നവർ ഓർക്കുന്നില്ലേ എന്ന് ബൈഡൻ ചോദിച്ചു.

Joe Biden Addresses A Detroit Rally and people urge him not to quit