ന്യൂഡൽഹി: ഇന്ത്യയിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് മൂന്നാം തവണയും പ്രധാനമന്ത്രിയായി സ്ഥാനമേൽക്കാനൊരുങ്ങുന്ന നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. ഒരു സ്വതന്ത്ര “ഇന്തോ-പസഫിക് മേഖല” ഉറപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത് തുടരാൻ തങ്ങൾ കാത്തിരിക്കുകയാണെന്നും ബൈഡൻ ഭരണകൂടം പറഞ്ഞു.
ഈ ചരിത്രപരമായ തിരഞ്ഞെടുപ്പിൽ ഭാഗമായ 65 കോടി വോട്ടർമാരെയും അഭിനന്ദിക്കുന്നതായി ബൈഡൻ എക്സിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യം പരിമിതികളില്ലാത്ത സാധ്യതകളുടെ ഭാവി തുറക്കുമെന്നും സൌഹൃദം കൂടുതൽ വളരുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
റഷ്യൻ പ്രസിഡന്റ് വളാദ്മിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ജർമൻ ചാൻസ്‍ലർ ഒലാഫ് സ്കോൾസ് തുടങ്ങി വിവിധ രാജ്യതലവൻമാരും മോദിയെ അഭിനന്ദിച്ചു. വ്ളാദ്മിർ പുടിനും റിഷി സുനകും മോദിയെ ഫോണിൽ വിളിച്ചാണ് അഭിനന്ദിച്ചത്.