‘ഒബാമയും പിന്നിൽ നിന്ന് കുത്തുന്നുവോ’; ജോ ബൈഡന് നിരാശയും നീരസവുമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: പ്രായത്തെക്കുറിച്ചും ആരോ​ഗ്യത്തെക്കുറിച്ചും ചർച്ച ഉയർത്തിക്കൊണ്ടുവരുന്നതിന് പിന്നിൽ മുൻ പ്രസിഡന്റ് ബരാക് ഒബാമയാണെന്ന് ബൈഡൻ സംശയമെന്ന് റിപ്പോർട്ട്. പ്രായവും മാനസികാരോ​ഗ്യവും കണക്കിലെടുത്ത് ബൈഡൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന് ഒബാമയുൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടതിൽ ബൈഡന് മാനസിക വിഷമമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. തനിക്കെതിരെയുള്ള പ്രചാരണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഒബാമയാണെന്നും അദ്ദേഹം മറ്റാരുടെയോ പാവയാകുന്നുവെന്നും ബൈജന് സംശയമുണ്ട്. ന്യൂയോർക്ക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കൊവിഡിൽ നിന്ന് സുഖം പ്രാപിക്കുന്ന ബൈഡൻ, സ്ഥാനമൊഴിയുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന പാർട്ടി നേതാക്കളോട് നീരസമുണ്ടെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ട്രംപുമാ‌യുള്ള ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിലെ മോശം പ്രകടനത്തെത്തുടർന്ന് നിരവധി ഡെമോക്രാറ്റുകൾ ബൈഡൻ്റെ നാമനിർദ്ദേശത്തിനെതിരെ രം​ഗത്തെത്തിയിരുന്നു.

എന്നാൽ, ഒബാമയും മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ, പ്രസിഡൻ്റിനെ പരസ്യമായി വിമർശിക്കുന്നതിൽ നിന്ന് വിട്ടുനിന്നു. എന്നാൽ, ആരോ​ഗ്യം കണക്കിലെടുത്ത് ബൈഡൻ പിന്മാറണമെന്ന് ഒബാമ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ട്രംപിനെ തോൽപ്പിക്കാൻ ബൈഡന് സാധിക്കില്ലെന്ന് നാൻസി പെലോസിയും അഭിപ്രായപ്പെട്ടിരുന്നു.

Joe Biden feels ‘fed up’ with Barack Obama amid pressure to step aside, report