യുദ്ധം അവസാനിപ്പിക്കാനുള്ള ഉപാധികൾ മുന്നോട്ടുവച്ച് പ്രസിഡന്റ് ജോ ബൈഡന്‍; ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നു എന്നും ബൈഡന്‍

വാഷിംഗ്ടണ്‍: ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങള്‍ വലിയ വിമര്‍ശനവും പ്രതിഷേധവുമായി തുടരുമ്പോഴാണ് ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിലപാട് വ്യക്തമാക്കുന്നത്. ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള ഫോര്‍മുല അദ്ദേഹം മുന്നോട്ടുവച്ചു. വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് വെള്ളിയാഴ്ച ബൈഡന്‍ ഇക്കാര്യം അറിയിച്ചത്.

മൂന്നുഘട്ടങ്ങളായാണ് യുദ്ധവിരാമം നടപ്പാക്കുക. ഖത്തര്‍ വഴി അത് പലസ്തീനെയും ഹമാസിനെയും അറിയിച്ചിട്ടുണ്ട്. അത് അംഗീകരിക്കാനുള്ള നടപടിയുണ്ടാകണം. യുദ്ധവിരാമ കരാര്‍ ഇങ്ങനെയാണ്.

ഒന്നാംഘട്ടം

ആറ് ആഴ്ചത്തേക്ക് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കും. ഗാസയിലെ പ്രധാന മേഖലകളില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കും. ഹമാസിന്റെയും ഇസ്രായിലിന്റെയും തടവില്‍ കഴിയുന്നവരെ വിട്ടയക്കും. അമേരിക്കയും ഖത്തറും പ്രശ്നപരിഹാരത്തിനായുള്ള സമവായ ചര്‍ച്ചകള്‍ തുടരും. ഗാസയിലേക്ക് 600 ട്രക്കുകളിൽ സഹായം എത്തും.

രണ്ടാംഘട്ടം

അവശേഷിക്കുന്ന എല്ലാ ബന്ദികളെയും ഇരുവിഭാഗവും വിട്ടയക്കുക. സൈനികര്‍ ഉള്‍പ്പടെയുള്ളവരെ വിട്ടയക്കണം. പാലസ്തീന്റെ എല്ലാ മേഖലകളില്‍ നിന്നും ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങും

മൂന്നാംഘട്ടം

ഗാസയില്‍ തടവിലാക്കപ്പെട്ട അവസാന ഇസ്രായേല്‍ പൗരന്മാരെയും വിട്ടയക്കണം. ഗാസയില്‍ സ്കൂളുകളും ആശുപത്രികളും നിര്‍മ്മിക്കാന്‍ അമേരിക്കയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സഹായത്തോടെ നടപടികള്‍.

ഇസ്രയേലും ഹമാസും യുദ്ധവിരാമ കരാറുകൾ അംഗീകരിക്കണമെന്നുംഇപ്പോഴത്തെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ നിര്‍ദ്ദേശങ്ങളാണ് ഇതെന്ന് ജോ ബൈഡന്‍ പറഞ്ഞു. ഗാസയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഏറ്റവും ദുഃഖകരമാണ്. അത് അവസാനിക്കുക തന്നെ വേണം. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ രണ്ടുഘട്ടങ്ങളും സമവായ ചര്‍ച്ചകള്‍ ദുഷ്കരമായിക്കും. എങ്കിലും സമാധാനം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരും. വെടിനിര്‍ത്തല്‍ തീരുമാനത്തോട് വിയോജിപ്പുള്ളവര്‍ ഇസ്രായിലേലും ഉണ്ട്. അതിനെ അവഗണിക്കുകയും സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനൊപ്പം ഇസ്രായേല്‍ ഭരണകൂടം നില്‍ക്കുകയും വേണമെന്ന് ജോ ബൈഡന്‍ ആവശ്യപ്പെട്ടു.

ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങള്‍ തയ്യാറാണെന്ന് ഹമാസ് നേരത്തേ തന്നെ അറിയിച്ചിരുന്നു.

ഗാസയെ വീണ്ടെടുക്കുന്നതിനുള്ള എല്ലാ സഹായവും അമേരിക്ക നല്‍കും. സ്കൂളുകളും ആശുപത്രികളും നിര്‍മ്മിക്കാന്‍ സഹായം നല്‍കും. ഗാസയിലെ ജനങ്ങള്‍ക്കുവേണ്ടി വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 600 ട്രക്ക് സഹായങ്ങള്‍ എല്ലാദിവസവും എത്തിക്കാനുള്ള നടപടിയുണ്ടാകും. ഒപ്പം ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് ഇസ്രായേലും പാലസ്തീനും ഒന്നിച്ചു പ്രവര്‍ത്തിക്കണം. ഹമാസിനെ അകറ്റി നിര്‍ത്തേണ്ടത് അത്യാവശ്യമാമെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. നല്ല രീതിയില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാവരുടെയും സഹായവും സഹകരണവും അത്യാവശ്യമാണെന്നും ബൈഡന്‍ പറഞ്ഞു. 

പാലസ്തീന് നേരെ ഇസ്രായേല്‍ നടത്തുന്ന അക്രമം തടയാന്‍ അമേരിക്ക ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ജോ ബൈഡന്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. അമേരിക്കന്‍ ക്യാമ്പസുകളിലൊക്കെ വലിയ പ്രതിഷേധവാണ് ഇസ്രായേലിനെതിരെ തുടരുന്നത്. ഈയൊരു സാഹചര്യത്തില്‍ കൂടിയാണ് അമേരിക്കയുടെ ഇടനിലയില്‍ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ബൈഡന്റെ ശ്രമം. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ബൈഡനെതിരെ ഇസ്രായേല്‍-പാസ്തീന്‍ യുദ്ധം പ്രധാന വിഷയമായി ട്രംപ് ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റാഫയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം ലോകത്തെ വീണ്ടും കരയിച്ചിരുന്നു.

Joe biden wants both sides to cooperate on ceasefire in Gaza