വാഷിംഗ്ടൺ: താൻ യുഎസ് പ്രസിഡന്റായിരുന്ന നാല് വർഷക്കാലയളവിൽ ജോ ബൈഡൻ 40 ശതമാനവും അവധിയിലായിരുന്നുവെന്ന് റിപ്പോർട്ട്. റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി അടുത്തിടെ നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. “പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിലിരുന്നതിനേക്കാൾ കൂടുതൽ സമയം ബീച്ചുകളിലാകും ചെലവഴിച്ചിരിക്കുക.!”
81കാരനായ ബൈഡൻ നാല് വർഷത്തിനിടെ 532 അവധികളാണെടുത്തത്. ഓഫീസിൽ ചെലവഴിച്ച 1,326 ദിവസങ്ങളുടെ ഏകദേശം 40 ശതമാനം വരും ഇത്. ഒരു ശരാശരി അമേരിക്കക്കാരന് വർഷം 11 ദിവസമാണ് അവധി. അതായത്, ഏകദേശം 48 വർഷം ജോലി ചെയ്താലേ ഇവർക്ക് 532 അവധി ദിനങ്ങൾ ലഭിക്കൂ. റിപ്പബ്ലിക്കൻ പാർട്ടിയുടെ നാഷണൽ കമ്മിറ്റിയാണ് കണക്കുകൾ പുറത്തുവിട്ടത്.
ബൈഡന്റെ അവധിക്കാലം മുൻ യുഎസ് പ്രസിഡന്റുമാരുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹം മുൻഗാമികളേക്കാൾ കൂടുതൽ സമയം എടുത്തതായി വ്യക്തമാകുന്നു. അവധിദിനങ്ങളിൽ ബൈഡൻ ബീച്ചുകൾ സന്ദർശിക്കുന്നത് പതിവാണ്. ലോകം കത്തുമ്പോൾ ബൈഡൻ ബീച്ചിലെ കസേരയിലിരുന്ന് ഉറങ്ങുമെന്നാണ് വിമർശനം.
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ പ്രസിഡന്റ് കാലത്ത് 26 ശതമാനം സമയം വ്യക്തിഗത യാത്രകൾക്കായി ചെലവഴിച്ചപ്പോൾ ബൈഡന്റേത് 40 ആയിരുന്നു. റൊണാൾഡ് റീഗനും ബറാക് ഒബാമയും അവരുടെ രണ്ട് തവണയായുള്ള പ്രസിഡന്റ് കാലയളവിൽ വെറും 11 ശതമാനം മാത്രമാണ് അവധിയെടുത്തത്. റൊണാൾഡ് റീഗനും ബറാക്ക് ഒബാമയും രണ്ട് ടേമിലായി 11 ശതമാനവും, ജിമ്മി കാർട്ടർ ഒറ്റ ടേമിൽ വെറും 5 ശതമാനവും മാത്രമാണ് അവധിയെടുത്തതെന്ന് അമേരിക്കൻ മാധ്യമങ്ങൾ പറയുന്നു.
അതേസമയം, അവധിയിലാണെങ്കിലും ബൈഡൻ വിദൂരമായി ചുമതലകൾ നിർവഹിക്കുമെന്നാണ് പ്രസിഡന്റിന്റെ വൃത്തങ്ങൾ പറയുന്നത്. എന്നാൽ വിലക്കയറ്റം, അതിർത്തി സുരക്ഷ, അന്താരാഷ്ട്ര സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ പ്രസിഡന്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിമർശകർ നിർദേശിക്കുന്നു.