കടിയാണ് സാറെ ഇവൻ്റെ മെയിൻ; പ്രസിഡൻ്റ് ബൈഡൻ്റെ ജർമൻ ഷെപ്പേർഡ് നായയുടെ ‘കടി’ വിശേഷങ്ങൾ

അമേരിക്കയിലെ ഒരു പട്ടിയുണ്ടാക്കിയ പൊല്ലാപ്പ് ചെറുതൊന്നുമല്ല. പട്ടിയെന്നു പറഞ്ഞാൽ സാക്ഷാൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ പട്ടി. ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും താലോലിച്ചു വളർത്തിയ കമാൻഡർ എന്ന ജർമൻ ഷെപ്പേർഡ് നായയാണ് ഈ വിവാദ പട്ടി. വിവാദം മറ്റൊന്നുമല്ല. കടി തന്നെ. ലേശം ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്പോട്ടിൽ കിട്ടും കടി. ഒന്നും രണ്ടും പേർക്കല്ല കടി കിട്ടിയത്. പ്രസിഡൻ്റിൻ്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരെ പലരെയായി 24 തവണ കമാൻഡർ കടിച്ചു എന്നാണ് പുറത്തു വന്ന റിപ്പോർട്ട്. പലർക്കും ചെറുതല്ലാത്ത പരുക്കുപറ്റിയിട്ടുണ്ട്. കടി കിട്ടുന്നവന് മിനിമം 6 സ്റ്റിച്ച് അതാണ് കമാൻഡറുടെ പല്ലിന്റെ പവർ.

” പട്ടിയുണ്ട് കടിക്കും” എന്ന് വൈറ്റ്ഹൌസിൻ്റെ മുമ്പിൽ ബോർഡ് തൂക്കേണ്ടി വന്നേനെ . അതിനു മുമ്പ് ഒരു രക്ഷയുമില്ലാതെ പട്ടിയെ ബൈഡനും ഭാര്യയും വൈറ്റ്ഹൌസിൽ നിന്നും മാറ്റി. കുടുംബത്തിൽ പെട്ട ആരെയോ വളർത്താൻ ഏൽപ്പിച്ചിരിക്കുകയാണ് എന്നാണ് സങ്കടത്തോടെ ജിൽ ബൈഡൻ പറഞ്ഞത്.

പട്ടികടിയുടെ റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ് കമാൻഡറെ കുറിച്ച് അമേരിക്കൻ മാധ്യമങ്ങൾ വാർത്ത എഴുതിയത്. 2022 ഒക്ടോബർ മുതൽ 2023 ജൂലൈ വരെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർക്ക് കിട്ടിയ കടിയുടെ കണക്കാണ് 24. മറ്റ് ജോലിക്കാർക്ക് കിട്ടിയ കടികൾ വേറെ അതിന്റെ കണക്കും പിന്നാലെ വരുമായിരിക്കും.

ആ പട്ടീടെ അടുത്ത് നിന്ന് ഇത്തിരി ഡിസ്റ്റൻസ് ഇട്ടു നിൽക്കണമെന്നും പട്ടികടിക്കാൻ വരുമ്പോൾ വളരെ ക്രിയേറ്റീവായി ഒഴിഞ്ഞുമാറാൻ ശ്രമിക്കണമെന്നും ഒരു ഉയർന്ന ഉദ്യോഗസ്ഥൻ സുരക്ഷാ ജീവനക്കാർക്ക് മെയിൽ അയച്ചത്രേ.. കേരളത്തിലെങ്ങാനുമായിരുന്നെങ്കിൽ ബൈഡൻ രാജിവയ്ക്കേണ്ടി വന്നേനെ..പട്ടിയുടെ ധാർഷ്ട്യത്തെ കുറിച്ച് എത്ര ചർച്ചകൾ നടത്തിയേനെ.. പട്ടിയായാലും ഇങ്ങനെയൊക്കെ കടിക്കാമോ എന്നാണ് അമേരിക്കയിലെ മൃഗസ്നേഹികളുടെ പോലും ചോദ്യം.

Joe Biden’s dog bit Secret Service agents at least 24 times within one year