ഡല്‍ഹി: കേന്ദ്ര മന്ത്രിയുടെ ഉത്തരം ഹിന്ദിയിൽ മാത്രമായതിൽ പ്രതിഷേധിച്ച് ജോണ്‍ ബ്രിട്ടാസ് എംപി മലയാളത്തിൽ കത്തയച്ചു. ഹിന്ദിയിൽ മാത്രം ഉത്തരം നൽകുന്ന രീതി മാറ്റണമെന്ന ആവശ്യമാണ് ബ്രിട്ടാസ് പ്രതിഷേധത്തിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രി രവനീത് സിംഗ് ബിട്ടുവിനാണ് ബ്രിട്ടാസ് മലയാളത്തിൽ കത്തയച്ചത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മന്ത്രി ഹിന്ദിയില്‍ മാത്രം നല്‍കിയാൽ പോരെന്നാണ് ബ്രിട്ടാസ് ആവശ്യപ്പെട്ടിരിക്കുന്നത്. താങ്ങളുടെ മറുപടി കത്തുകള്‍ വായിച്ചു മനസിലാക്കാന്‍ ഇനി ഹിന്ദി ഭാഷ പഠിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രിക്കയച്ച കത്തില്‍ ജോണ്‍ ബ്രിട്ടാസ് പറയുന്നു. കേന്ദ്ര റെയില്‍വേ – ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹകരണ മന്ത്രിയാണ് ബിട്ടു.
നേരത്തെ ബിട്ടുവിന്റെ ഹിന്ദിയിലുള്ള കത്തിന് തമിഴില്‍ മറുപടി നല്‍കി ഡി എം കെ നേതാവും രാജ്യസഭ എം പിയുമായ എം എം അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. ബിട്ടു ഹിന്ദിയില്‍ അയച്ച കുറിപ്പില്‍ ഒരു വാക്കുപോലും മനസ്സിലായില്ലെന്നും അബ്ദുള്ള തന്റെ തമിഴ് കത്തില്‍ പറഞ്ഞിരുന്നു. വിഷയത്തെ കുറിച്ച് അബ്ദുള്ള അന്ന് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്തതുകൊണ്ടാണ് ഇപ്പോൾ ബ്രിട്ടാസും മാതൃഭാഷയിൽ കത്തയച്ച് പ്രതിഷേധിച്ചിരിക്കുന്നത്.