വാഷിംഗ്ടണ്‍: അമേരിക്കന്‍ മലയാളി സംഘടനകളുടെ മാതൃസംഘടനയായ ഫെഡറേഷണ്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാം അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ അതിഥിയായി രാജ്യസഭാംഗവും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് പങ്കെടുക്കും. കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന വിവരം അദ്ദേഹം ഫൊക്കാന ഭാരവാഹികളെ അറിയിച്ചു. 2024 ജൂലൈ 18 മുതല്‍ 20 വരെ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ കലാ-സാംസ്‌ക്കാരിക-രാഷ്ട്രീയ-ചലച്ചിത്ര മേഖലയിലെ പ്രമുഖരടക്കം രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രാഥമിക നിഗമനം.
രാജ്യസഭാ എം.പിയായ ജോണ്‍ ബ്രിട്ടാസിനെ മാധ്യമ രംഗത്തെ മുടിചൂടാമന്നന്‍ എന്നും വിശേഷിപ്പിക്കാവുന്നതാണ്. കൈരളി ടി വി ചാനലിന്റെ മാനേജിംഗ് ഡയറക്റ്ററായും സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ബാബരി മസ്ജിദ് പൊളിക്കുന്നതു റിപ്പോര്‍ട്ട് ചെയ്തതിലൂടെയും, ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്തതിലൂടെയും ലോകശ്രദ്ധ പിടിച്ചുപറ്റിയ മാധ്യമ പ്രവര്‍ത്തകനാണ്. ഇറാഖ് യുദ്ധം നടക്കുമ്പോള്‍ കൈരളി ചാനലിനു വേണ്ടി ഇറാഖില്‍ നേരിട്ട് പോയി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേപ്പാള്‍ തെരഞ്ഞെടുപ്പ്, പാക്കിസ്താന്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ”മിനാരങ്ങള്‍ ധൂളികളായപ്പോള്‍” എന്ന ബാബ്റി മസ്ജിദിന്റെ പതനത്തെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് ലോക ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ സംഘത്തില്‍ അംഗമായി അമേരിക്ക, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശിയായ ജോണ്‍ ബ്രിട്ടാസ് തൃശൂര്‍ ഡോണ്‍ബോസ്‌കോ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും തുടര്‍ന്ന് തൃശ്ശര്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും, പയ്യന്നൂര്‍ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഡല്‍ഹിയില്‍ എം.ഫില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ദേശാഭിമാനിയുടെ ന്യൂഡല്‍ഹി ബ്യൂറോ ചീഫായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആകാശവാണിയുടെ ഡല്‍ഹി നിലയത്തില്‍ വാര്‍ത്താ വായനക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൈരളിയില്‍ ചേരുന്നതിനു മുമ്പ് ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സിന്റെ ബിസിനസ് ഹെഡായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മികച്ച അഭിമുഖകാരനുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം, കെ.വി. ഡാനിയേല്‍ പുരസ്‌കാരം,ഗോയങ്ക ഫൗണ്ടേഷന്‍ ഫെലോഷിപ്പ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ‘പരദേശി’, ‘തൂവാനത്തുമ്പികള്‍’ എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘വെള്ളിവെളിച്ചം’ എന്ന സിനിമയില്‍ ആദ്യാമായി നായകനായി അഭിനയിച്ചു.
2023 ഏപ്രിലില്‍ കേരളത്തില്‍ വെച്ച് ഫൊക്കാന നടത്തിയ 40-ാമത് കേരള കണ്‍വെന്‍ഷനില്‍ ഫൊക്കാനയുടെ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തിലാണ് അദ്ദേഹത്തിന് പുരസ്‌ക്കാരം നല്‍കി ആദരിച്ചത്. ഡോ. ശശി തരൂര്‍ എം പിയില്‍ നിന്നാണ് അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങിയത്.
ജോണ്‍ ബ്രിട്ടാസിനെപ്പോലെയുള്ള വ്യക്തിത്വങ്ങള്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ അതിഥിയായി എത്തുന്നത് ഫൊക്കാനയ്ക്ക് അഭിമാന നിമിഷങ്ങളായിരിക്കുമെന്നു മാത്രമല്ല, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനവും പ്രചോദനവുമായിരിക്കുമെന്ന് പ്രസിഡന്റ് ബാബു സ്റ്റീഫനും മറ്റു കമ്മിറ്റി ഭാരവാഹികളും അഭിപ്രായപ്പെട്ടു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. കല ഷഹി 202 359 8427.