ക്രിസ്ത്യൻ സ്‌കൂളിന് നേരെ സംഘപരിവാര്‍ ആക്രമണം; തെലങ്കാന മുഖ്യമന്ത്രിക്ക് ജോൺ ബ്രിട്ടാസ് എംപി കത്തയച്ചു

ന്യൂഡൽഹി: തെലങ്കാനയിലെ ആദിലാബാദിലുള്ള സെന്റ് തെരേസ സ്‌കൂളിന് നേരെയുളള സംഘപരിവാര്‍ ആക്രമണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി.കത്തയച്ചു. സംഭവത്തിന് പിന്നിലുള്ള കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും, സ്‌കൂള്‍ അധികൃതര്‍ക്കെതിരെ എടുത്തിട്ടുള്ള എഫ്‌ഐആര്‍ പിന്‍വലിക്കണമെന്നും, സംഭവത്തില്‍ സമഗ്രവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.

തെലങ്കാനയില്‍ കത്തോലിക്ക വൈദികര്‍ നടത്തുന്ന സ്കൂളിനു നേരെയാണ് കഴിഞ്ഞദിവസം തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണമുണ്ടായത്. എം‌.സി‌.ബി.‌എസ്. സന്യാസ സമൂഹത്തിന്റെ ലുക്സിപേട്ടിലെ ഹൈസ്കൂള്‍ തല്ലിതകര്‍ത്ത അക്രമികൂട്ടം മദര്‍ തെരേസയുടെ രൂപക്കൂടും പ്രാര്‍ഥനാ ഹാളും നശിച്ചിപ്പിച്ചു. സ്കൂള്‍ മാനേജരായ മലയാളി വൈദികനെ മര്‍ദ്ദിച്ചവശനാക്കി. ഹിന്ദു കുട്ടികളുടെ മതപരമായ വസ്ത്രം പ്രിന്‍സിപ്പാള്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണമുണ്ടായതിനു പിറകെയായിരുന്നു ആള്‍കൂട്ട ആക്രമണം.

മറ്റു കുട്ടികളെല്ലാം യൂനിഫോം ധരിച്ച് എത്തിയപ്പോള്‍ പത്തോളം പേര്‍ മതപരമായ വസ്ത്രം ധരിച്ചാണ് സ്‌കൂളില്‍ എത്തിയത്. ഇക്കാര്യത്തെ കുറിച്ച് രക്ഷിതാക്കളോട് സംസാരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. പിറ്റേന്ന് രാവിലെയാണ് സ്‌കൂളിനു നേരെ ആക്രമണം നടത്തിയത്. ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് അതിക്രമിച്ചു കയറിയ സംഘം മദര്‍ തെരേസയുടെ രൂപം അടിച്ചുതകര്‍ക്കുകയായിരുന്നു. സ്‌കൂള്‍ മാനേജറെ വളഞ്ഞ അക്രമികള്‍ അദ്ദേഹത്തെക്കൊണ്ട് നിര്‍ബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് വ്യക്തമാക്കി.

More Stories from this section

family-dental
witywide