ജോജു ജോര്‍ജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ പണി തിയറ്ററുകളിൽ മികച്ച വിജയം നേടി കുതിക്കുകയാണ്. റിലീസ് ദിവസം മുതല്‍ മികച്ച പ്രതികരണവും ലഭിക്കുന്ന ചിത്രത്തിലെ റേപ് സീനടക്കമുള്ള ചില രംഗങ്ങളെ വിമര്‍ശിച്ച റിവ്യൂവറെ ‘മുള്ളിക്കും’ എന്ന് ഭീഷണി മുഴക്കിയത് ഇപ്പോൾ ജോജുവിന് അക്ഷരാർത്ഥത്തിൽ ‘പണി’ ആയിരിക്കുകയാണ്. ആദർശ് എന്ന റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംവിധായകന് ജോജുവിന് സോഷ്യൽ മീഡിയ നിറയെ ട്രോൾ പൊങ്കാല ആണ് ലഭിക്കുന്നത്. ഇതിനൊപ്പം ജോജുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കനത്ത കമന്റ് പൂരവുമുണ്ട്. മൂത്രതടസമുണ്ടെങ്കില് ജോജുവിനെ സമീപിക്കുക, സിനിമക്കാരനെ ബഹുമാനിക്കാന്‍ പഠിപ്പിക്കെടാ തുടങ്ങി ഒട്ടേറെ മീമുകളാണ് ജോജുവിനെതിരെ പ്രചരിക്കുന്നത്.
‘മൂത്രതടസം മാറ്റികൊടുക്കുന്നു, തങ്കൻ വൈദ്യർ’, ‘പ്രത്യേക അറിയിപ്പ്… മൂത്ര തടസ്സമുള്ളവർ ഇനി മുതൽ ആശുപത്രിയിൽ പോകേണ്ട കാര്യമില്ല, എത്രയും വേഗം ജോജുവിനെ സമീപിക്കുക’, ‘കുറച്ചു റെസ്പെക്ട് എടുക്കട്ടേ ജോജുവേട്ടാ…’ എന്നിങ്ങനെ പോകുന്നു ജോജുവിന്റെ പേജിലെ കമന്റുകള്‍.
‘കോടികള്‍ മുടക്കി നിർമിച്ച ചിത്രത്തിനെതിരെ കുറിപ്പെഴുതിയ നിന്നെ നേരിൽ കാണണമെന്നും മുന്നിൽ നിൽക്കാൻ ധൈര്യം ഉണ്ടോ’എന്നും ജോജു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ഓഡിയോ റിവ്യൂവര്‍ ആദർശ് എച്ച്.എസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കൊച്ചെർക്കാ, ഞാൻ പ്രകോപിതനായാൽ നീ മുള്ളിപ്പോകും എന്നും ജോജു പറഞ്ഞിരുന്നു ഇതോടെയാണ് ജോജുവിനെതിരെ ട്രോള്‍ പൂരം നിറഞ്ഞത്.