എയർഫോഴ്സ് വണ്ണിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് മാധ്യമപ്രവർത്തകർ അവസാനിപ്പിക്കണം: വൈറ്റ് ഹൗസ്

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് അവസാനിപ്പിക്കാണമെന്ന് വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. പ്രസിഡൻ്റിൻ്റെ യാത്രയ്ക്ക് ഒപ്പം പലപ്പോഴും മാധ്യമസംഘവും സഞ്ചരിക്കാറുണ്ട്.

ഫെബ്രുവരിയിൽ ബൈഡൻ യുഎസ് പടിഞ്ഞാറൻ തീരത്ത് നടത്തിയ സന്ദർശനത്തിന് ശേഷം എയർഫോഴ്‌സ് വണ്ണിലെ പ്രസ് വിഭാഗത്തിൽ നിന്ന് നിരവധി സാധനങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. തലയിണകൾ, ഗ്ലാസുകൾ, സ്വർണ്ണ അരികുള്ള പ്ലേറ്റുകൾ എന്നിവ ജെറ്റിൽ നിന്ന് അപ്രത്യക്ഷമായതായി ആരോപിക്കപ്പെടുന്നു.

വിമാനത്തിൽ നിന്ന് സാധനങ്ങൾ എടുത്തു കൊണ്ടുപോകുന്നത് വിലക്കിയതായി വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്‌സ് അസോസിയേഷൻ അറിയിച്ചു. പ്രസ് പൂളിൽ – പ്രസിഡൻ്റിനൊപ്പം യാത്ര ചെയ്യുന്ന പത്രപ്രവർത്തകരുടെ കൂട്ടത്തിൽ ഇത്തരം മോശം പെരുമാറ്റം കാണപ്പെടുന്നുണ്ടെന്നും അത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ കഴിഞ്ഞ മാസം റിപ്പോർട്ടർമാർക്ക് ഒരു ഇമെയിൽ അയച്ചിരുന്നു.

പ്രസിഡൻഷ്യൽ സീൽ പതിച്ച ചോക്ലേറ്റ് പാക്കറ്റുകൾ ഒരു സുവനീറായി ചിലപ്പോൾ മാധ്യമപ്രവർത്തകർക്ക് നൽകാറുണ്ട്.

എന്നാൽ എയർഫോഴ്‌സ് വൺ ലോഗോയുള്ള പാത്രങ്ങളും ടവലുകളും ഉൾപ്പെടെ പലരും എടുത്തുകൊണ്ടുപോകാറുണ്ട് എന്ന് പല റിപ്പോർട്ടർമാരും പറയുന്നു.

എയർഫോഴ്സ് വൺ – അമേരിക്കൻ പ്രസിഡൻ്റിൻ്റെ ആകാശത്തെ ഓഫിസ്


എയർഫോഴ്‌സ് വണ്ണിന് മൂന്ന് നിലകളിലായി 4,000 ചതുരശ്ര അടി (372 ചതുരശ്ര മീറ്റർ) ഫ്ലോർ സ്പേസ് ഉണ്ട്. പ്രസിഡൻ്റിനുള്ള വിപുലമായ സ്യൂട്ട്, ഓപ്പറേഷൻ ടേബിളുള്ള ഒരു മെഡിക്കൽ സ്റ്റേഷൻ, കോൺഫറൻസ്- ഡൈനിംഗ് റൂമുകൾ, പ്രസ്, വിഐപികൾ, സെക്യൂരിറ്റി, സെക്രട്ടേറിയൽ എന്നിവർക്കായി പ്രത്യേക ഇടങ്ങൾ എല്ലാം ഈ വിമാനത്തിലുണ്ട്. ഒരേ സമയം 100 പേർക്ക് ഭക്ഷണം കഴിക്കാൻ സംവിധാനമുണ്ട്.

ഏതു തരം വ്യോമാക്രമണത്തെയും നേരിടാൻ പ്രാപ്തമായ പ്രതിരോധ സംവിധാനങ്ങളും ഇതിലുണ്ട്. ആകാശത്തുവച്ചു തന്നെ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനമുണ്ട്. അതിനാൽ പരിധിയില്ലാത്ത സമയത്തേക്ക് പറക്കാൻ ഈ വിമാനത്തിന് സാധിക്കും.

എയർഫോഴ്‌സ് വണ്ണിൽ അതിസുരക്ഷിതമായ കമ്യൂണിക്കേഷൻ സംവിധാനമാണുള്ളത് അതിനാൽ വിമാനത്തിന് ഒരു മൊബൈൽ കമാൻഡ് സെൻ്ററായി പ്രവർത്തിക്കാൻ സാധിക്കും

85 ഓൺബോർഡ് ടെലിഫോണുകൾ, ടു-വേ റേഡിയോകളുടെ ഒരു ശേഖരം, നിരവധി കമ്പ്യൂട്ടർ കണക്ഷനുകൾ എന്നിവയുമുണ്ട്.

Journalists Are Asked to stop stealing things from AirForce One