ബിജെപി ദേശീയ അധ്യക്ഷനായി ജെപി നദ്ദ തുടർന്നേക്കും

ന്യൂഡൽഹി: ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷന്‍ ജനുവരിയോടെയെന്ന് റിപ്പോർട്ട്. അതുവരെ ജെ പി നദ്ദ താല്‍ക്കാലിക അധ്യക്ഷനായി തുടര്‍ന്നേക്കും. കേരളത്തില്‍ നേതൃമാറ്റമുണ്ടായേക്കില്ലെന്നാണ് സൂചന. തൃശൂരിൽ താമര ചിഹ്നത്തിൽ ബിജെപി ജയിച്ചത് സംസ്ഥാന നേതൃത്വത്തിന് അനുകൂല ഘടകമായി. പാര്‍ട്ടി പുനസംഘടിപ്പിച്ച് പുതിയ അധ്യക്ഷന്‍ വരും വരെ വര്‍ക്കിംഗ് പ്രസിഡന്‍റിനെ നിയോഗിക്കും. നദ്ദ തന്നെ വര്‍ക്കിംഗ് പ്രസിഡന്‍റാകാനായിരിക്കും സാധ്യത. പാര്‍ട്ടി പാര്‍ലമെന്‍ററി ബോര്‍ഡ് ചേര്‍ന്നാകും തീരുമാനം.

ജി 7 ഉച്ചകോടിക്കായി ഇറ്റലിയിലേക്ക് പോകുന്ന പ്രധാമന്ത്രി മടങ്ങിയെത്തിയ ശേഷം ചര്‍ച്ച തുടങ്ങും. അംഗത്വ വര്‍ധന ക്യാംപയിന്‍ ഉടന്‍ തുടങ്ങും. ജനുവരിയോടെ പൂര്‍ത്തിയാക്കാനാകും തീരുമാനം. അതിന് ശേഷമാകും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുക. നേരത്തെ പരിഗണനയിലുണ്ടായിരുന്ന ശിവരാജ് സിംഗ് ചൗഹാന്‍, മനോഹര്‍ ലാല്‍ ഖട്ടര്‍ തുടങ്ങിയവര്‍ മന്ത്രിമാരായി. നിലവില്‍ മുന്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ദേവേന്ദ്ര ഫഡ്നാവിസ്, വിനോദ് താവ്ഡേ, കെ ലക്ഷ്മണ്‍ തുടങ്ങിയ പേരുകളാണ് പരിഗണനയിലുള്ളത്.

അന്‍പത് ശതമാനം സംസ്ഥാനങ്ങളിലെങ്കിലും പുനസംഘടന പൂര്‍ത്തിയായാലേ ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക് കടക്കുകയുള്ളൂ. ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പാട്ടീലും പശ്ചിമബംഗാള്‍ അധ്യക്ഷന്‍ സുകന്ത മജുംദാറും മന്ത്രിമാരായതിനാല്‍ ഇരു സംസ്ഥാനങ്ങളിലും വൈകാതെ അധ്യക്ഷന്മാരെത്തും. കേരളത്തില്‍ ലോക് സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്ന സാഹചര്യത്തില്‍ കെ സുരേന്ദ്രന് മാറ്റമുണ്ടാകാനിടയില്ല. ജോര്‍ജ് കുര്യന്‍ മന്ത്രിയായതോടെ ഓഫീസ് ചുമതലയുള്ള ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആള്‍ വരണം. ശോഭ സുരേന്ദ്രന്‍ പദവിക്കായി നീക്കം നടത്തുന്നുണ്ടെങ്കിലും സുരേന്ദ്രന്‍റെ നേതൃത്വത്തിന് താല്‍പര്യമില്ല. മന്ത്രി സ്ഥാനം ഒഴിയുന്ന വി. മുരളീധരന്‍റെ തുടര്‍ചുമതലയും പ്രധാനമാണ്.

JP Nadda to continue as interim president in BJP

More Stories from this section

family-dental
witywide