കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോളജ് പുറത്താക്കിയ 33 വിദ്യാർഥികളെ തിരിച്ചെടുത്ത് വൈസ് ചാൻസലർ ഡോ. പി.സി ശശീന്ദ്രൻ. രണ്ട് സീനിയർ വിദ്യാർത്ഥികൾ ഉൾപ്പെടെ 33 പേരുടെ സസ്പെൻഷൻ വെറ്ററിനറി സർവകലാശാല വൈസ് ചാന്‍സലര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തിയതിനും ക്രൂരമായി മർദിച്ചതിനും കോളജ് അധികൃതർ എടുത്ത നടപടിയാണ് പുതുതായി ചുമതലയേറ്റ വി.സി റദ്ദാക്കിയത്. നിയമോപദേശം തേടാതെയാണ് വി.സിയുടെ നടപടിയെന്നും സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള തീരുമാനമെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
വൈസ് ചാൻസലർക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് സിദ്ധാർഥന്‍റെ പിതാവ് ടി. ജയപ്രകാശ് അറിയിച്ചു. സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുത്തത് വി.സിയുടെ ഇഷ്ടപ്രകാരമാണ്. അദ്ദേഹത്തിന് എന്തോ വലിയ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഒടുവിൽ സിദ്ധാർഥൻ സ്വയം മുറിവേൽപിച്ചെന്ന് വി.സി പറയും.
സിബിഐ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം വന്നതോടെ പോലീസും കേസ് അന്വേഷണത്തിൽ നിന്ന് പിന്മാറിയ സ്ഥിതിയാണ്. തൽക്കാലത്തേക്ക് പ്രതിഷേധം അവസാനിപ്പിക്കാനാണോ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്ന ആശങ്കയിലാണ് കുടുംബം. തെളിവുകൾ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.