മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചു, അന്വേഷണം അട്ടിമറിച്ചു; ആര്‍ഷോയെ പ്രതി ചേര്‍ക്കണമെന്ന് സിദ്ധാർഥന്‍റെ അച്ഛൻ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥിയായിരുന്ന ജെ.എസ്.സിദ്ധാർത്ഥന്റെ മരണത്തിൽ കേസ് സർക്കാർ അട്ടിമറിച്ചെന്ന് ആരോപണവുമായി പിതാവ് ജയപ്രകാശ്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുപറ്റിച്ചെന്നും ക്ലിഫ് ഹൗസിന് മുന്നിൽ സമരം തുടങ്ങുമെന്നും ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. കേരളാ പോലീസ് രേഖകൾ കൃത്യമായി സിബിഐക്ക് നൽകാതെ തെളിവ് നശിപ്പിച്ചെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോക്കും മരണത്തിൽ പങ്കുണ്ടെന്നും മരിച്ച സിദ്ധാർത്ഥന്റെ കുടുംബം ആരോപിച്ചു.

“കഴിഞ്ഞ എട്ട് മാസമായി ആർഷോ വെറ്ററിനറി കോളജിൽ വന്നുപോകുന്നതായി സിദ്ധാർത്ഥൻ പറഞ്ഞിരുന്നു. സിദ്ധാർത്ഥനെ ഇത്രയും ഉപദ്രവിച്ചത് ആർഷോ അറിഞ്ഞിരുന്നു. എസ്എഫ്ഐക്കാർക്ക് മാവോയിസ്റ്റ് രീതിയിലുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. മൂന്ന് പെൺകുട്ടികൾക്ക് കേസിൽ പങ്കുണ്ട്. അവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല കേസും എടുത്തിട്ടില്ല. എം.എം.മണിയുടെ ചിറകിന്റെ കീഴിൽ ഇരിക്കുന്ന അക്ഷയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെതിരെയാണ് സമരം തുടങ്ങുന്നത്”; ജയപ്രകാശ് പറഞ്ഞു. സിബിഐ കേസ് ഏറ്റെടുക്കുന്നതിന് മുൻപ് പൊലീസ് അന്വേഷണം നിർത്തിയതെങ്ങനെ എന്ന് കുടുംബം ചോദിച്ചു.

അതേസമയം, സിദ്ധാർഥനെ ക്രൂര റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ സസ്പെൻഷനിലായ വിദ്യാർഥികളെ കുറ്റമുക്തരാക്കാൻ ഒത്താശ ചെയ്ത പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് നീക്കി. പ്രൈവറ്റ് സെക്രട്ടറി കെ. ഷീബയെയും മറ്റ് നാലു പേരെയുമാണ് വി.സി ഡോ. കെ.എസ്. അനിൽ നീക്കിയത്. ഗുരുതരമായ കൃത്യവിലോപവും സ്വജനപക്ഷപാതവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

More Stories from this section

family-dental
witywide